19/10/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാറിനെതിരായ റീലുകളുടെ റീച്ച് കുറയ്ക്കണം’; മെറ്റയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

 ‘ഗ്യാനേഷ് കുമാറിനെതിരായ റീലുകളുടെ റീച്ച് കുറയ്ക്കണം’; മെറ്റയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐ.ടി മന്ത്രാലയത്തിന്റെ നിർദേശം. സി.ജെ.പിയുടെ സമരം പുനരാരംഭിച്ച കഴിഞ്ഞ പത്താം തീയതിയാണ് ഐ.ടി മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.

കമ്പനിയുടെ റെക്കമെൻഡേഷൻ സിസ്റ്റം പ്രവർത്തിക്കരുതെന്നാണ് നിർദേശം. ഔദ്യോഗിക വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ വ്യക്തമായ പശ്ചാത്തലമില്ലാതെ വ്യാജമായി പ്രചരിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നതോ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഇത് സെൻസർഷിപ്പിന് സമാനമായ നീക്കമാണെന്ന് പ്രതിപക്ഷവും ഡിജിറ്റൽ അവകാശ സംഘടനകളും പ്രതികരിച്ചു.

നേരത്തെ സർക്കാർ നിർദേശപ്രകാരം, സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ മെറ്റ നീക്കം ചെയ്യുന്നതായും ഇന്ത്യയിൽ അക്കൗണ്ടുകൾ തടയുന്നതായും പരാതി ഉയർന്നിരുന്നു. അതേസമയം ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ (SIR) റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹിയിൽ സമരം കനക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വനിതാ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ പോലീസ് നടപടിയെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

നവംബർ ഒന്നിന് പ്രഖ്യാപിച്ച മെഗാ റാലിക്കായി ഡൽഹി പോലീസ് കോൺഗ്രസിന് അനുമതി നൽകി. ഡൽഹിയിലെ രാംലീല മൈതാനത്താണ് റാലി നടക്കുക. ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുന്നത്. എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ‘ഇൻഡ്യ’ സഖ്യം റാലി സംഘടിപ്പിക്കുന്നത്. ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിന് പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.

സെപ്റ്റംബർ 30-ന് ചേർന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിന് ശേഷമാണ് നവംബർ ഒന്നിന് ഡൽഹിയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ കക്ഷികളും യോഗത്തിൽ ആവശ്യപ്പെട്ടതെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.

റാലിയുടെ സുഗമമായ നടത്തിപ്പിനും ക്രമസമാധാനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി സംഘാടകരുമായും ട്രാഫിക് പോലീസുമായും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിവരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഗ്യാനേഷ് കുമാറിനെതിരെ ‘ഇൻഡ്യ’ മുന്നണി പ്രതിഷേധം ശക്തമാക്കിയത്.

Also read: