‘വി.ഡി സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം’: ജി. സുധാകരൻ
അമ്പലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശൻ മികച്ച രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതുവരെ ഭരണത്തിൽ യാതൊരു അപാകതയും വന്നിട്ടില്ലെന്നും ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുന്നതാണ് സതീശന്റെ പ്രധാന ഗുണം. കാര്യങ്ങൾ തുറന്നുപറയാനും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും അദ്ദേഹം തയ്യാറാകാറുണ്ട്. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൂടെയുള്ള മന്ത്രിമാരുടെ പബ്ലിക് ഇമേജ് കണക്കിലെടുത്ത് എല്ലാവരെയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രിമാരെ സൂക്ഷിക്കണമെന്ന് സതീശനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 20 വർഷത്തിനിടെ മന്ത്രിയല്ലാത്ത ഘട്ടത്തിൽ ആദ്യമായാണ് താൻ സെക്രട്ടേറിയറ്റിൽ പോയതെന്നും സതീശനെ കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലും സുധാകരൻ നടത്തി. എച്ച്. സലാമിന്റെയും പി.പി ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി വാങ്ങി നൽകിയത് താനാണ്. എന്നാൽ, തന്റെ കുടുംബത്തിലെ ആർക്കും താൻ ജോലി നൽകിയിട്ടില്ല. സലാമിന്റെ ഭാര്യക്ക് കയർ ക്ഷേമനിധിയിലും ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിലുമാണ് ജോലി നൽകിയത്.
ജി. സുധാകരൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും അതിന്റെ കണക്കുകൾ പുറത്തുവിടണമെന്നും എച്ച്. സലാം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കെതിരെ സംസാരിച്ചവരുടെ ഭാര്യമാർക്ക് ജോലി നൽകിയ വിവരങ്ങൾ വ്യക്തമാക്കി സുധാകരൻ രംഗത്തെത്തിയത്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് അതേ ഭാഷയിൽ സംസാരിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.