26/09/2026
[fontresizer_tawhidurrahmandear_widget]

‘ഒറ്റയ്ക്ക് വന്നുപോകാനറിയാം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ല’- വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

 ‘ഒറ്റയ്ക്ക് വന്നുപോകാനറിയാം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ല’- വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: മണ്ഡല സന്ദർശനത്തിനിടെയുള്ള അമിത സുരക്ഷാ സന്നാഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ഒപ്പമുള്ള സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലാണ് എംപിയെ ചൊടിപ്പിച്ചത്. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകുന്നത് തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഇത്തരം നടപടികൾ ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ ഇനി മുൻകൂട്ടി അറിയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.

തനിക്ക് ഇത്രയധികം സുരക്ഷയുടെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് വന്നുപോകാൻ അറിയാമെന്നും പ്രിയങ്ക പറഞ്ഞു. വലിയ സുരക്ഷാ വ്യൂഹം ഒപ്പമുള്ളത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ട സജിതയുടെ നിലമ്പൂർ മുണ്ടേരിയിലെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് അതൃപ്തി പരസ്യമാക്കിയത്.

ദുരന്തത്തിൽ മരിച്ച സജിതയുടെ വീട് പുനർനിർമിക്കാൻ പൂർണ സഹായം നൽകുമെന്നും, പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും അവർ ഉറപ്പുനൽകി. കൂടാതെ, തൊഴിലുറപ്പ് പോർട്ടലിലെ തടസങ്ങൾ പരിഹരിക്കുന്നതിനും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി വരും ദിവസങ്ങളിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.

Also read: