‘ദേശീയ പതാകയുടെ ചിത്രങ്ങൾ പോലും നീക്കം ചെയ്തു’; പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ എക്സിബിഷനിൽ നിന്ന് 74 ‘ഡല്‍ഹി പ്രതിഷേധ’ ചിത്രങ്ങള്‍ നീക്കി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ ഫോട്ടോ എക്സിബിഷനിൽ നിന്ന് ഡൽഹി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യിച്ചതായി പരാതി. ദേശീയ പതാകയുടേത് ഉൾപ്പെടെ ആകെയുള്ള 105 ചിത്രങ്ങളിൽ 74 ചിത്രങ്ങൾ അധികൃതർ നീക്കിയെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ‘ബിക്കാനീർ ഹൗസി’ലാണ് ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിൽ റെയ്ഹാൻ ഇന്നലെ മുതൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു എക്സിബിഷന്റെ പ്രമേയം.
“എനിക്ക് ചുറ്റും രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ ക്യാമറയിലാക്കിയതാണ് ഞാൻ. ആളുകൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന താളവും ചലനങ്ങളുമായിരുന്നു എക്സിബിഷന്റെ പ്രമേയം,” റെയ്ഹാൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയ പതാകയുടെ ചിത്രങ്ങൾ ഒഴിവാക്കാൻ തന്നോട് ബിക്കാനീർ ഹൗസ് അധികൃതർ ആവശ്യപ്പെട്ടുവെന്നും ഇതിന് വിസമ്മതിച്ചപ്പോൾ താനില്ലാത്ത സമയത്ത് ജീവനക്കാരിലൊരാൾ അതിൽ ഒരു ചിത്രം നീക്കം ചെയ്തുവെന്നും റെയ്ഹാൻ വെളിപ്പെടുത്തി.
എക്സിബിഷൻ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും റെയ്ഹാൻ പറയുന്നു. വൈകുന്നേരം മൂന്നരയോടെയാണ് ഡെപ്യൂട്ടി റസിഡന്റ് കമ്മീഷണർ മനോജ് സിങ്ങിന്റെ പേരിൽ രേഖാമൂലമുള്ള സന്ദേശം തനിക്ക് ലഭിച്ചതെന്നും റെയ്ഹാൻ പറയുന്നു. ‘ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സമയവും സാഹചര്യവും ഇതല്ല’ എന്നായിരുന്നു തനിക്ക് പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണറിൽ നിന്ന് ലഭിച്ച മറുപടിയെന്നും അദ്ദേഹം വെളിപ്പെടുത്തി. “പ്രദർശനത്തിനുള്ള ചിത്രങ്ങളുടെ ലേഔട്ട് നേരത്തേ തന്നെ അയച്ച് നൽകിയിരുന്നതാണ്. കാറ്റലോഗും നൽകി. അതിനൊന്നും അന്നാരും എതിർപ്പ് പ്രകടിപ്പിച്ചില്ല,” റെയ്ഹാൻ കൂട്ടിച്ചേർത്തു. റെയ്ഹാന്റെ വെളിപ്പെടുത്തലുകളോട് ബിക്കാനീർ ഹൗസ് അധികൃതരോ, പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണർ രോഹിത് കുമാറോ പ്രതികരിച്ചിട്ടില്ല.
ത്രിവർണപതാക പോലും ബി.ജെ.പി സർക്കാരിന്റെ കാലത്ത് കത്രികയ്ക്കിരയാകുന്നുവെന്നും കലയുടേതല്ല, ഭരണകൂടത്തിന്റേതാണ് പ്രശ്നമെന്നും കോൺഗ്രസ് വക്താവും എം.പിയുമായ പവൻ ഖേര പ്രതികരിച്ചു. “ഫോട്ടോകളിൽ വളരെ കുറച്ച് മാത്രമേ പ്രതിഷേധത്തിന്റെതെന്ന് തിരിച്ചറിയാൻ കഴിയുന്നവയുണ്ടായിരുന്നുള്ളു. അതാവട്ടെ, പ്രകോപനപരമെന്ന് ആർക്കും പറയാൻ കഴിയുന്നതുമായിരുന്നില്ല. എന്താണിവിടുത്തെ കുറ്റം? ദേശീയ പതാകയുടെ ചിത്രം കൂടി നീക്കം ചെയ്തു. സെൻസർഷിപ്പിന്റെ ഭീകരമുഖമാണിത്,” ഖേര എക്സിൽ കുറിച്ചു.
പ്രതിഷേധങ്ങളെ മാത്രമല്ല ഫോട്ടോകളെ കൂടി കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും ദേശീയപതാകയെ പോലും ഉൾക്കൊള്ളാൻ കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും കഴിയുന്നില്ലെന്നും ഈ ഭരണകൂടത്തിന്റെ അന്ത്യം അടുത്തുവെന്നും അദ്ദേഹം കുറിച്ചു. വിവാദത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. 25 വരെയാണ് ബിക്കാനീർ ഹൗസിൽ എക്സിബിഷൻ നിശ്ചയിച്ചിട്ടുള്ളത്.