‘യുദ്ധം ആനയോട്, ആനപ്പിണ്ടത്തോടില്ല’; യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയാണ് യുവമോർച്ചയെന്ന് ബിനു ചുള്ളിയിൽ
തിരുവനന്തപുരം: അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ തെരുവിലിറങ്ങിയ യുവമോർച്ചയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കരിങ്കൊടി കാണിച്ചു നടക്കുന്നത് കോമാളിത്തരമാണെന്നും യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയെപ്പോലെയാണ് യുവമോർച്ചയെന്നും ബിനു ചുള്ളിയിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനദ്രോഹ നടപടികളും പിൻവാതിൽ നിയമനങ്ങളും ലൈഫ് മിഷനിലെ അഴിമതികളും നടന്നപ്പോൾ യുവമോർച്ചയുടെ പ്രതിഷേധത്തിന്റെ നട്ടെല്ല് എവിടെയായിരുന്നുവെന്ന് ബിനു ചോദിച്ചു. കൊച്ചിയിലെ മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ പൊളിഞ്ഞു വീഴാറായി കിടന്നിട്ടും പിണറായി വിജയനെതിരെ ഒരു കരിങ്കൊടി കാണിക്കാൻ യുവമോർച്ച തയാറായില്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുന്ന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രകോപിതരായി ഇപ്പോൾ റോഡിലിറങ്ങിയിരിക്കുകയാണ്.
അമിത് ഷായെ കാണുമ്പോൾ യൂത്ത് കോൺഗ്രസിന് മുട്ടിടിക്കുമെന്നത് യുവമോർച്ചയുടെ മിഥ്യാധാരണ മാത്രമാണെന്നും ബിനു വ്യക്തമാക്കി. “ഞങ്ങളുടെ പ്രതിഷേധം ആനയോടാണ്, ആനപ്പിണ്ടത്തോടല്ല. അമിത് ഷായെ എന്നല്ല, വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചാൽ അത് ചെയ്തിരിക്കും. തോക്കിനും ലാത്തിക്കും മുന്നിൽ മുട്ടിടിച്ച പാരമ്പര്യം ഞങ്ങൾക്കില്ല,” ബിനു ചുള്ളിയിൽ കുറിച്ചു.
യജമാന സേവനമല്ല, മറിച്ച് രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ കരുതി പ്രവർത്തിക്കലാണ് ഒരു യുവജന സംഘടനയുടെ കർത്തവ്യം. വോട്ടവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇത്തരത്തിലുള്ള ഇളിഭ്യമായ പരിപാടികളുമായി റോഡിലിറങ്ങാതിരിക്കാനെങ്കിലും യുവമോർച്ച ശ്രമിക്കണമെന്നും ബിനു ഉപദേശിച്ചു.