‘അസ്ഥികൂടം പോലെയായി, മരിച്ചു പോയേനെ; ഇനിയുള്ളത് വലിയ സർജറി’; സഹായം ചോദിച്ച് രേണു സുധി
കീമോതെറപ്പിയെ തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ചികിത്സാ അനുഭവങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ താരം രേണു സുധി. അഞ്ചാമത്തെ കീമോതെറപ്പിക്ക് ശേഷം ശരീരം പൂർണമായും തളരുകയും രണ്ടാഴ്ചയോളം ഐസിയുവിൽ കഴിയേണ്ടി വരികയും ചെയ്തതായി സ്വന്തം യൂട്യൂബ് ചാനലിലൂടെ രേണു വെളിപ്പെടുത്തി.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾ ഏറെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രേണു പറയുന്നു. പ്ലേറ്റ്ലറ്റ് കൗണ്ട് താഴുകയും കടുത്ത ഛർദിയും ലൂസ് മോഷനും കാരണം ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തു. അസ്ഥികൂടം പോലെയായ അവസ്ഥയിലാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചതെന്നും എന്നാൽ പരിചരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രാർഥിച്ചവരുടെയുമെല്ലാം പിന്തുണ കൊണ്ടാണ് ജീവിതത്തിലേക്ക് തിരികെ എത്തിയതെന്നും അവർ വ്യക്തമാക്കി.
ഒരു ഇഞ്ചക്ഷൻ കൂടി ബാക്കിയുണ്ടെന്നും അതിനുശേഷം പ്രധാനപ്പെട്ട ഒരു സർജറി നടക്കാനുണ്ടെന്നും രേണു പറഞ്ഞു. യൂട്യൂബ് ചാനലും ഉദ്ഘാടനങ്ങളുമാണ് തന്റെ പ്രധാന വരുമാനമാർഗം. അതിനാൽ പഴയതുപോലെ ചെറിയ ഉദ്ഘാടനങ്ങൾക്കും പ്രമോഷനുകൾക്കുമായി സമീപിക്കണമെന്നും അതിലൂടെ ലഭിക്കുന്ന തുക മാത്രമാണ് സർജറിക്കുള്ള ആശ്രയമെന്നും അവർ പ്രേക്ഷകരോട് അഭ്യർഥിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സജീവമായി തിരികെ വന്ന് ആൽബങ്ങളിലും സിനിമകളിലും അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്.
പ്രതിസന്ധിയുടെ ഘട്ടത്തിൽ മുൻപരിചയമൊന്നുമില്ലാതിരുന്നിട്ടും ഗായിക ലക്ഷ്മി ജയൻ സാമ്പത്തികമായി സഹായിച്ച കാര്യവും രേണു നന്ദിയോടെ ഓർത്തെടുത്തു. നിലവിൽ കീമോയെ തുടർന്ന് കൊഴിഞ്ഞ മുടി വീണ്ടും വളർന്നു തുടങ്ങിയിട്ടുണ്ടെന്നും ചികിത്സ പൂർത്തിയാക്കി എത്രയും വേഗം മുൻപത്തെപ്പോലെ സജീവമാകുമെന്നും രേണു സുധി പ്രത്യാശ പ്രകടിപ്പിച്ചു.