രേണുവിനെ കാണാൻ പോകാത്തതിന്റെ കാരണം പറഞ്ഞ് കിച്ചു; ‘ചത്താലും എൻ്റെ ശവം കാണാൻ വരരുത്, എന്നെ ദ്രോഹിക്കരുത്’; കിച്ചുവിനോട് രേണു സുധി
കൊല്ലം: അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യയും മുൻ ബിഗ്ബോസ് താരവുമായ രേണുവും മകൻ കിച്ചുവും (രാഹുൽ ദാസ്) തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അർബുദബാധിതയായി ചികിത്സയിൽ കഴിയുന്ന രേണുവിനെ കാണാൻ കിച്ചു എത്താത്തതിനെ ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ പരസ്പരമുള്ള ഗുരുതര ആരോപണങ്ങളിലേക്ക് വഴിമാറിയിരിക്കുന്നത്.
രേണുവിനെ കാണാൻ പോകാത്തതിന്റെ കാരണം വ്യക്തമാക്കി കിച്ചു കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രേണു ചെയ്യുന്ന ‘സബ്സ്ക്രിപ്ഷൻ വീഡിയോകൾ’ കണ്ടതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്ന് കിച്ചു പറയുന്നു. ഈ വീഡിയോകൾ സുധിയുടെ ഇളയ മകൻ റിതപ്പനെ മോശമായി ബാധിക്കുമെന്നും സുഹൃത്തുക്കൾക്കിടയിൽ അവന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കിച്ചു വ്യക്തമാക്കി. ബിഗ് ബോസ് പോലുള്ള വലിയ ഷോകളിൽ പങ്കെടുത്ത രേണുവിന് അന്തസ്സായി ജീവിച്ചുകൂടെ എന്ന് ചോദിച്ച കിച്ചു, അവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവിട്ടു. വീഡിയോകൾ വഴി തനിക്ക് മാസം രണ്ടോ മൂന്നോ ലക്ഷം രൂപ കിട്ടുന്നുണ്ടെന്ന് രേണു മറുപടി നൽകിയതായി കിച്ചു ആരോപിക്കുന്നു. കോട്ടയത്ത് പോയി റിതപ്പനെ കണ്ടെങ്കിലും രേണുവിനെ കാണാൻ നിന്നില്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു.
കിച്ചുവിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി രേണുവും രംഗത്തെത്തി. താൻ സബ്സ്ക്രിപ്ഷൻ തുടങ്ങുന്ന കാര്യം കിച്ചുവിനോട് ചോദിച്ചിരുന്നെന്നും അന്ന് അവൻ ‘ഗുഡ്’ എന്നാണ് മറുപടി നൽകിയതെന്നും രേണു പറയുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളും അവർ പുറത്തുവിട്ടു. അന്ന് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ താൻ അത് നിർത്തുമായിരുന്നുവെന്നും രേണു കൂട്ടിച്ചേർത്തു. താൻ ലൈവിൽ വന്ന് ചുണ്ട് പൊട്ടിയ കാര്യമാണ് സംസാരിച്ചതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കാൻസർ ചികിത്സയിലിരിക്കുന്ന തന്നെ ഇനിയെങ്കിലും വെറുതെ വിടണമെന്നും ഉപദ്രവിക്കരുതെന്നും രേണു കണ്ണീരോടെ അഭ്യർത്ഥിച്ചു.
“എന്നെ നോക്കണ്ട, എനിക്ക് ഒരു ഗുണവും ചെയ്യണ്ട. അമ്മേ എന്ന് വിളിക്കുകയും വേണ്ട. ദയവു ചെയ്ത് എന്നെ ദ്രോഹിക്കാതിരുന്നുകൂടെ? ഞാൻ കാൻസർ വന്ന് മരിച്ചാൽ പോലും നീ ഒന്നും ചെയ്യേണ്ട. എന്റെ ശവം പോലും നിങ്ങളാരും വന്ന് കാണേണ്ട, ഒരു റീത്ത് പോലും വെക്കേണ്ട.” രേണു വികാരധീനയായി പറഞ്ഞു.
സബ്സ്ക്രിഷനിലൂടെ കിട്ടിയതും മറ്റും താൻ അധ്വാനിച്ചുണ്ടാക്കിയ പണം നിരന്തരം കിച്ചുവിന് കൊടുക്കാറുണ്ടെന്നും എന്നാൽ തിരിച്ച് ഒരു സഹായം പോലും അവൻ ചെയ്ത് തന്നിട്ടില്ലെന്നും രേണു പറഞ്ഞു.
കൂടാതെ, ഒരു വർഷം മുൻപാണ് കിച്ചു സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതെന്നും, അതിന് മുൻപുള്ള കിച്ചുവിന്റെ പഴയകാലത്തെക്കുറിച്ച് ചിങ്ങവനം, വാകത്താനം പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചാൽ വിവരങ്ങൾ അറിയാമെന്നും രേണു വീഡിയോയിൽ പരോക്ഷമായി ആരോപിക്കുന്നുണ്ട്. തന്റെ കുഞ്ഞിന് വേണ്ടി തന്നെ വെറുതെ വിടണമെന്നും, കിച്ചുവിനെക്കുറിച്ചുള്ള അവസാന വീഡിയോ ആയിരിക്കുമിതെന്നും പറഞ്ഞുകൊണ്ടാണ് രേണു സുധി അവസാനിപ്പിക്കുന്നത്.