‘പതിനൊന്ന് വയസ്സുമുതൽ ഞാൻ നോക്കിയ കുട്ടിയാണ്, എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണന?’; ക്യാൻസർ കിടക്കയിലും കിച്ചുവിനെ ഓർത്ത് കണ്ണീരോടെ രേണു സുധി
കിച്ചു, രേണു സുധി
കൊച്ചി: തനിക്ക് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞിട്ടും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്തതിലുള്ള കടുത്ത സങ്കടം പങ്കുവെച്ച് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും, പതിനൊന്ന് വയസ്സുമുതൽ താൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ കുട്ടിയായിട്ടും ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നും രേണു സുധി പറഞ്ഞു.
ഇതിനെക്കുറിച്ച് സംസാരിച്ചാൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ലെന്നും വ്യക്തമാക്കിയാണ് രേണു മനസ്സ് തുറന്നത്. “ഒരുപാട് പേര് എന്നോട് കിച്ചു വന്നോ എന്ന് ചോദിച്ചു. ഇല്ല, അവൻ വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാർത്തയായിരുന്നു. എന്തോ ആകട്ടെ, കിടക്കയിൽ കിടക്കുമ്പോൾ ഒന്ന് വന്ന് കാണാൻ ആർക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേർ എവിടെനിന്നൊക്കെയോ എന്നെ കാണാൻ വരുന്നു. ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിൽ നിന്നാണ് അവർ എന്നെ കണ്ട് സംസാരിക്കുന്നത്. ഒരുപാട് പേരുടെ കൈത്താങ്ങലുകൾ ഉണ്ട്. ഇവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല”– രേണു പറഞ്ഞു.
താൻ ഒന്ന് കരയുമ്പോൾ ഓടിയെത്തുന്ന അമ്മയും പപ്പയും ചേച്ചിയും ചേട്ടനുമെല്ലാം കൂടെയുണ്ടെന്നും എന്നാൽ ഇതിനിടയിലും അങ്ങോട്ടും ഇങ്ങോട്ടും വാശി കയറി വിവാദങ്ങൾ ഉണ്ടാക്കുന്നവരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കീമോതെറാപ്പിയുടെ കഠിനമായ വേദനകളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും രേണു വിവരിച്ചു: “എനിക്ക് നേരെ ഇരിക്കാൻ വയ്യ, ഇരുന്നാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയും തൊണ്ടയുമെല്ലാം പൊട്ടി കുറച്ചു പ്രശ്നങ്ങളുണ്ട്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ ക്യാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, വീട്ടുകാർ… ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. കീമോയ്ക്ക് മുന്നേ ലക്ഷങ്ങൾ വിലയുള്ള ഒരു ആന്റിബോഡി മരുന്ന് തുടയിൽ കുത്തിവച്ചിരുന്നു. 17 കീമോയിലും ഇത് ചെയ്യണം. കഴിഞ്ഞദിവസം ഇൻജക്ഷൻ എടുക്കാൻ ചെന്നതും എടുത്തതും മാത്രമേ ഓർമ്മയുള്ളൂ, പിന്നീട് തലകറങ്ങി വീഴുകയും ഛർദ്ദിച്ച് അവശയാവുകയുമായിരുന്നു. വേദന കാരണം വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റില്ല. എന്റെ വീട്ടുകാരെ ഉറക്കാൻ പറ്റുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.”
ആശുപത്രിയിൽ വന്നപ്പോൾ അറ്റൻഡേഴ്സ് പറഞ്ഞ കാര്യവും രേണു പങ്കുവെച്ചു. ക്യാൻസർ രോഗികളുടെ കൂടെ വരുന്ന ബൈസ്റ്റാൻഡേഴ്സിനോട് ഒരിക്കലും മാറിനിൽക്കാൻ പറയില്ലെന്നും അതാണ് ഈ രോഗത്തിന്റെ വ്യാപ്തിയെന്നും അവർ ഓർമ്മിപ്പിച്ചു. “എന്നെ കുറ്റം പറയുന്നവർ എന്തുകണ്ടിട്ടാണ് ഇത് പറയുന്നത്? ഒരു നിമിഷം മതി ഈ രോഗം വരാൻ. എന്റെ ശത്രുക്കൾക്കുപോലും ഈ രോഗം വരുത്തരുതേ എന്നാണ് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നത്. എന്റെ മനോബലം കൊണ്ടാണ് ഇത്രയെങ്കിലും പറയുന്നത്. പ്രാർഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എനിക്കൊരു കുഞ്ഞുണ്ട്, ഒരാഴ്ചയായി അവൻ ഒന്ന് ചിരിച്ചിട്ട്. അതോർക്കുമ്പോഴും വലിയ സങ്കടമാണ്”– രേണു സുധി കണ്ണീരോടെ പറഞ്ഞു നിർത്തി.