ചൂടുചായ ഊതിയൂതി കുടിക്കല്ലേ! ശീലം മാറ്റിയില്ലെങ്കിൽ പണി കിട്ടും
സിനിമയിലെ ഡയലോഗുകൾ പോലെ ചൂടുചായ ഊതിയൂതി കുടിക്കുന്നത് ഒരു രസമായി തോന്നാമെങ്കിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ മുന്നറിയിപ്പ് നൽകുന്നു. ചായയുടെ ഗുണത്തേക്കാളുപരി അത് ഉപയോഗിക്കുന്ന താപനിലയാണ് ഇവിടെ വില്ലനാകുന്നത്. സാധാരണയായി 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക ആവരണത്തിന് ക്ഷതമേൽപ്പിക്കാൻ കാരണമാകും. ഇത്തരം കോശജ്വലനങ്ങൾ കാലക്രമേണ കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും കാൻസർ പോലുള്ള മാരകാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയുടെ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
ഇറാനിൽ 50,000 പേരിൽ പത്ത് വർഷത്തോളം നടത്തിയ പഠനങ്ങൾ ഈ വാദത്തെ ശരിവെക്കുന്നുണ്ട്. 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള ചായ കുടിക്കുന്നവരിൽ അന്നനാളത്തിലെ അർബുദ സാധ്യത (Esophageal Cancer) മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം അധികമാണ്. ചായ തയ്യാറാക്കി രണ്ട് മിനിറ്റിനുള്ളിൽ തന്നെ കുടിച്ചുതീർക്കുന്നവരിൽ ഈ അപകടസാധ്യത 50 ശതമാനമായും, പ്രതിദിനം 700 മില്ലി ലിറ്ററിൽ കൂടുതൽ കടുത്ത ചൂടുള്ള ചായ കുടിക്കുന്നവരിൽ ഇത് 90 ശതമാനമായും ഉയരുന്നു. അതിനാൽ ചായ തയ്യാറാക്കി നാലഞ്ചു മിനിറ്റെങ്കിലും കാത്തിരുന്ന ശേഷം മിതമായ ചൂടിൽ കുടിക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.
അന്നനാളത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ഈസോഫേജിയൽ കാൻസറിന് കാരണമാകുന്നത്. പുകവലി, മദ്യപാനം എന്നിവയ്‌ക്കൊപ്പം അമിതമായ ചൂടുള്ള പാനീയങ്ങളുടെ ഉപയോഗവും ഇതിന്റെ ആക്കം കൂട്ടുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക, ഭാരം കുറയുക തുടങ്ങിയവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ. പലപ്പോഴും അസുഖം മൂർച്ഛിച്ച ഘട്ടത്തിൽ മാത്രമാണ് ഇത് തിരിച്ചറിയപ്പെടാറുള്ളത് എന്നതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ മാർഗ്ഗങ്ങളാണ് നിലവിൽ ഇതിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.