19/10/2026
[fontresizer_tawhidurrahmandear_widget]

‘എൻ്റെ മോളില്ലാതെ ഉറങ്ങാൻ പറ്റണില്ല…’; ലേഖയുടെ വേർപാടിൽ നെഞ്ചുലഞ്ഞ് ഭർത്താവ് അംബുജാക്ഷൻ

 ‘എൻ്റെ മോളില്ലാതെ ഉറങ്ങാൻ പറ്റണില്ല…’; ലേഖയുടെ വേർപാടിൽ നെഞ്ചുലഞ്ഞ് ഭർത്താവ് അംബുജാക്ഷൻ

കാൻസർ ബാധയെ തുടർന്ന് അടുത്തിടെ അന്തരിച്ച സോഷ്യൽ മീഡിയ ക്രിയേറ്റർ ലേഖയുടെ വേർപാടിൽ കടുത്ത മനോവിഷമവും വേദനയും പങ്കുവെച്ച് ഭർത്താവ് അംബുജാക്ഷൻ. ലേഖയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതും അദ്ദേഹം തന്നെയായിരുന്നു. ഭാര്യയുടെ വേർപാടിന് ശേഷം തനിക്കൊന്നു കണ്ണടയ്ക്കാൻ പോലും സാധിക്കുന്നില്ലെന്നും കൊടിയ വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇത്തരമൊരു വിഡിയോ പങ്കുവെക്കുന്നതിലൂടെ നെഗറ്റീവ് കമന്റുകൾ ഉയർന്നേക്കാമെങ്കിലും തനിക്കിപ്പോൾ അതൊന്നും പ്രശ്നമല്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് സങ്കടങ്ങൾ തുറന്നുപറയാൻ മറ്റാരുമില്ലെന്നും അത്രമേൽ വേദന സഹിച്ചാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എങ്ങനെയാണ് ഇത് സഹിക്കുക എന്നറിയില്ല, എൻ്റെ മോളില്ലാതെ ഉറങ്ങാൻ പറ്റണില്ല, അവളെ വലതുവശത്ത് ഉറക്കിയിട്ടാണ് ഞാനുറങ്ങുന്നത്, ലേഖ പോസ്‌റ്റ് ചെയ്ത പഴയ വിഡിയോകൾ ഒക്കെ കാണുകയായിരുന്നു. എങ്ങനെ സഹിക്കുമെന്നറിയില്ല, ഞാനത്ര ധൈര്യശാലിയൊന്നുമല്ലെന്ന് ബോധ്യപ്പെടുന്നു, അവളെ ഒരുപാട് മിസ് ചെയ്യുന്നു, സുഖമില്ലാതെ കിടക്കുമ്പോളെല്ലാം വിഡിയോ ഇട്ടിട്ടുണ്ട്, തനിച്ചായിപ്പോയി ഞാൻ, ലേഖയുടെ അമ്മയുടെ വീട്ടിലേക്ക് വന്നിരിക്കുകയാണിപ്പോൾ, നാളെ പോയിട്ട് അസ്‌ഥി എടുക്കണം, പൊതുശ്മശാനമാണ്, ഞാനങ്ങോട്ട് പോയില്ല, ചിരട്ട കത്തിച്ച് എൻ്റെ മോളെ കത്തിച്ചു അവൾ മുകളിലേക്ക് പോയി’ എന്ന് അദ്ദേഹം വേദനയോടെ പങ്കുവെച്ചു.

മക്കളെക്കുറിച്ച് പ്രതികരിക്കവേ, “എന്ത് നെഗറ്റീവ് കമൻ്റ്സ് വന്നാലും എനിക്ക് പ്രശ്‌നമല്ല, എനിക്കെൻന്റെ വിഷമം പറയാൻ നിങ്ങളൊക്കെയേ ഉള്ളൂ, മക്കളെല്ലാം ഓക്കെ ആണിപ്പോൾ, പക്ഷേ ഇടയ്ക്ക് കൈവിട്ടുപോകും, അവളില്ലാതെ ഒരു നിമിഷം എനിക്കുണ്ടായിട്ടില്ല, ഈ കിടക്കയുടെ അപ്പുറം അവളുണ്ടാവും, ആംബുലൻസിൽ അവളെ കൊണ്ടുവരുമ്പോൾ വണ്ടി കുലുങ്ങുമ്പോൾ തല ചെരിഞ്ഞു എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി, വിഡിയോ ഇടുന്നതിൽ ക്ഷമിക്കണം, എങ്ങനെ മാനേജ് ചെയ്യുമെന്നെനിക്കറിയില്ല’ എന്നും അംബുജാക്ഷൻ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കാൻസർ അതിജീവന പോരാട്ടങ്ങളും സന്തോഷനിമിഷങ്ങളും ഇരുവരും പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ശ്രദ്ധേയയായ ലേഖ, 2019-ൽ തിയേറ്ററുകളിലെത്തിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെ നിർമ്മാണം, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. കൂടാതെ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചതും സംഗീതം പകർന്നതും ലേഖയായിരുന്നു.

Also read: