27/09/2026
[fontresizer_tawhidurrahmandear_widget]

കോളറിന് പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക്; ഡ്രൈനേജ് തർക്കത്തിൽ യുപിയിൽ ബിജെപി കൗൺസിലറെ നടുറോഡിൽ ഓടിച്ചിട്ട് തല്ലി നാട്ടുകാർ

 കോളറിന് പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക്; ഡ്രൈനേജ് തർക്കത്തിൽ യുപിയിൽ ബിജെപി കൗൺസിലറെ നടുറോഡിൽ ഓടിച്ചിട്ട് തല്ലി നാട്ടുകാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ബിജെപി കൗൺസിലർക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ വാർഡ് 16 കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ കൗൺസിലറുടെ കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിരുന്നത്. അടുത്തിടെ നഗരസഭ ഇവിടെ റോഡും ഡ്രെയിനേജും നിർമിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി കരാറുകാരൻ പണി തുടങ്ങാനെത്തിയപ്പോൾ, അശാസ്ത്രീയമായ നിർമാണം മറ്റ് വഴികളിൽ വെള്ളക്കെട്ടുണ്ടാക്കുമെന്ന് ആരോപിച്ച് കൗൺസിലർ അനിൽ ഉപാധ്യായ പ്രവർത്തി തടഞ്ഞു.

ഇതേത്തുടർന്ന് ഇന്നലെ നഗരസഭാ അധ്യക്ഷൻ അരവിന്ദ് സംഗലിന്റെ ചേംബറിൽ നാട്ടുകാരും കൗൺസിലറും തമ്മിൽ ചർച്ച നടന്നെങ്കിലും രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് പുറത്തേക്ക് പോയ അനിൽ ഉപാധ്യായയെ ആളുകൾ വളഞ്ഞ് റോഡിലിട്ട് മർദിക്കുകയായിരുന്നു. രക്ഷപ്പെടാൻ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ ഇയാളെ നാട്ടുകാർ വീണ്ടും പിടികൂടുകയും കോളറിൽ പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൗൺസിലർ വികസനപ്രവർത്തനം തടസ്സപ്പെടുത്തിയെന്നും പ്രശ്നപരിഹാരത്തിനെത്തിയ സ്ത്രീകളോട് മോശമായി സംസാരിച്ചെന്നുമാണ് നാട്ടുകാരുടെ പരാതി. എന്നാൽ നഗരസഭാ അധ്യക്ഷൻ ഗൂഢാലോചന നടത്തി ആളുകളെ ഇളക്കിവിട്ട് തന്നെ വധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അനിൽ ഉപാധ്യായ ആരോപിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് കോട്വാലി എസ്എച്ച്‌ഒ ധർമേന്ദ്ര ഗൗതം അറിയിച്ചു.

Also read: