24/04/2026
[fontresizer_tawhidurrahmandear_widget]

നെതന്യാഹുവിന് കാൻസർ; സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, പൂർണ ആരോഗ്യവാനെന്ന് വിശദീകരണം

 നെതന്യാഹുവിന് കാൻസർ; സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, പൂർണ ആരോഗ്യവാനെന്ന് വിശദീകരണം

തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ തന്നെ വിശദീകരണം വരുന്നത്.

തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാസം മുൻപ് തന്നെ ചികിത്സ പൂർത്തിയായെങ്കിലും, യുദ്ധസമയത്ത് ശത്രുക്കൾ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘ദൈവത്തിന് നന്ദി, ഞാൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ശാരീരികമായി അതീവ ഊർജസ്വലനായ അവസ്ഥയിലാണ് ഞാനുള്ളത്. പ്രോസ്റ്റേറ്റിലെ പ്രശ്‌നം പൂർണമായും ഭേദമായി,’ നെതന്യാഹു എക്‌സിൽ കുറിച്ചു.

യുദ്ധത്തിനിടെ പൊതുവേദിയിലും യുദ്ധകാബിനറ്റിലും ഉൾപ്പെടെ നെതന്യാഹുവിന്റെ അസാന്നിധ്യം ഇസ്രയേൽ ജനതയ്ക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്നും ഭരണകൂടം ഇത് മറച്ചുവെക്കുകയാണെന്നും ഇറാൻ മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇതിനിടെ, പലതവണ നെതന്യാഹുവിന്റെ എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പൊളിക്കപ്പെട്ടതോടെ അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്തു. എന്നാൽ, അസാന്നിധ്യത്തിന് പിന്നിൽ അതീവ രഹസ്യമായി നടത്തിയ കാൻസർ ചികിത്സയായിരുന്നുവെന്ന് ഇന്നു പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിലൂടെ വെളിപ്പെടുത്തി. താൻ ജീവനോടെയുണ്ടെന്നും യുദ്ധം നയിക്കാൻ പൂർണസജ്ജനാണെന്നും വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി.

താൻ ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നെതന്യാഹു കൂടുതൽ സജീവമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യൽ നടപടികൾ ഊർജിതമാക്കാൻ ഉത്തരവിട്ട അദ്ദേഹം, ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള മുന്നറിയിപ്പും ആവർത്തിച്ചു.

Also read: