ലബനാനിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇസ്രയേലിൽ ചേരാൻ ആഗ്രഹം അറിയിച്ചെന്ന് നെതന്യാഹു; പച്ചക്കള്ളം പറയുന്നുവെന്ന് നാട്ടുകാർ | Netanyahu on Lebanese Christian villages annexation
ബെയ്‌റൂത്ത്/തെൽ അവീവ്: ലബനാനും ഇസ്രയേലും തമ്മിൽ പുതിയ നയതന്ത്ര-രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന(Netanyahu on Lebanese Christian villages annexation). തെക്കൻ ലബനാനിലെ ചില ക്രിസ്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾ തങ്ങളെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നെതന്യാഹു. എന്നാൽ, ഇസ്രയേൽ അതിർത്തിയോട് ചേർന്നുനിൽക്കുന്ന പ്രമുഖ ലബനീസ് ക്രിസ്ത്യൻ ഗ്രാമമായ ആർമെയ്ഷിന്റെ മേയർ മിലാദ് അൽ-ആലം നെതന്യാഹുവിന്റെ പ്രസ്താവനയെ പൂർണമായും നിഷേധിച്ചു രംഗത്തെത്തി. തങ്ങൾ ലബനീസ് സ്വത്വത്തിൽ ഉറച്ചുനിൽക്കുന്നവരാണെന്നും, തങ്ങളുടെ മണ്ണ് ഇസ്രയേലിന് വിട്ടുകൊടുക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ലബനാനിലെ അതിർത്തി പ്രദേശങ്ങളിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇസ്രയേൽ സൈന്യം പിടിച്ചടക്കിയിരുന്നു. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് നെതന്യാഹു പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇസ്രയേൽ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.
തെക്കൻ ലബനാനിൽ ഇസ്രയേൽ സൈന്യം നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ, അതിർത്തി പ്രദേശങ്ങളിലെ ചില ക്രിസ്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾ തങ്ങളെ ഇസ്രായേൽ പ്രദേശത്തിന്റെ ഭാഗമാക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഹിസ്ബുല്ലയുടെ സ്വാധീനത്തിൽനിന്നു രക്ഷ നേടാൻ പ്രദേശവാസികൾ ഇസ്രയേലിന്റെ സംരക്ഷണം ആഗ്രഹിക്കുന്നുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാദം.
‘ഇത് ചരിത്രപരമായ അസംബന്ധം’; കടുത്ത മറുപടിയുമായി മേയർ | Netanyahu on Lebanese Christian villages annexation
നെതന്യാഹുവിന്റെ പ്രസ്താവനയിൽ തദ്ദേശീയർക്കിടയിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മേയർ മിലാദ് അൽ-ആലം വിമർശനവുമായി രംഗത്തെത്തിയത്. ”നെതന്യാഹുവിന്റെ പ്രസ്താവന കേട്ട് ഞങ്ങൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. ഇത് തികച്ചും അസംബന്ധമാണ്. ആർമെയ്ഷിലെ ഒരു പൗരൻ പോലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഞങ്ങൾ ലബനാനിലെ ക്രിസ്ത്യാനികളാണ്, ഇസ്രയേലികളല്ല. രാഷ്ട്രീയമായി ഞങ്ങൾക്ക് ലബനാനിലെ പല ഗ്രൂപ്പുകളോടും വിയോജിപ്പുകളുണ്ടാകാം. എന്നാൽ ഈ രാജ്യം ഞങ്ങളുടെ മാതൃഭൂമിയാണ്. അതിന്റെ പരമാധികാരത്തിന് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്.’ – മിലാദ് അൽ-ആലം വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ സൈനിക സാന്നിധ്യത്തോട് അതിർത്തിയിലെ പല ക്രിസ്ത്യൻ ഗ്രാമങ്ങൾക്കും പരമ്പരാഗതമായി വിയോജിപ്പുകളുണ്ട്. പലപ്പോഴും തങ്ങളുടെ സിവിലിയൻ മേഖലകളിൽ ഹിസ്ബുല്ല റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിക്കുന്നതിനെതിരെ ആർമെയ്ഷിലെ ജനങ്ങൾ പരസ്യമായി രംഗത്തുവന്നിട്ടുമുണ്ട്. ഈ ആഭ്യന്തര ഭിന്നതകളെ മുതലെടുത്ത് തെക്കൻ ലബനാനിലെ പ്രദേശങ്ങൾ ബഫർ സോണാക്കി മാറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ തന്ത്രപരമായ സൈനിക അജണ്ടയുടെ ഭാഗമാണ് നെതന്യാഹുവിന്റെ പുതിയ അവകാശവാദമെന്ന് ലബനീസ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗസ്സയിലെ നീക്കങ്ങൾക്ക് സമാനമായി ലബനാന്റെ പരമാധികാരത്തിൽ കൈക്കടത്താനാണ് ഇസ്രയേൽ നീക്കമെന്നും ഇവർ ആരോപിക്കുന്നു.