പൊതുവേദിയിൽ നെതന്യാഹുവിനോട് തട്ടിക്കയറി ഭാര്യ സാറ; നാടകീയ രംഗങ്ങൾ! | Netanyahu-Sara Netanyahu clash
തെൽ അവീവ്: നെതന്യാഹു കുടുംബത്തിലെ ആഭ്യന്തര കലഹം മറനീക്കി പുറത്ത്(Netanyahu-Sara Netanyahu clash). ഇസ്രയേലിലെ പ്രധാന കായിക മാമാങ്കമായ മക്കാബിയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണു നാടകീയ രംഗങ്ങളുണ്ടായത്. പതിനായിരക്കണക്കിന് കാണികളെയും അന്താരാഷ്ട്ര പ്രതിനിധികളെയും സാക്ഷിനിർത്തിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും തമ്മിൽ സ്റ്റേജിൽ ഏറ്റുമുട്ടിയത്.
നെതന്യാഹു-സാറ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ മാധ്യമമായ ‘ചാനൽ 13’ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ സംഘർഷവും ഇറാൻ യുദ്ധാനന്തര വെല്ലുവിളികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ലക്ഷ്യമിട്ട് മക്കാബിയ ഗെയിംസ് സംഘടിപ്പിച്ചത്. എന്നാൽ, ഉദ്ഘാടന വേദിയിലേക്ക് പ്രധാനമന്ത്രിയും ഭാര്യയും പ്രവേശിച്ച നിമിഷം മുതൽ അന്തരീക്ഷം ആകെ മാറി. കായികമേളയുടെ ഉദ്ഘാടന ചടങ്ങിന്റെ പകിട്ട് പൂർണമായും കെടുത്തുന്ന രീതിയിലാണ് ഇരുവരും തമ്മിലുള്ള നാടകീയ രംഗങ്ങൾ വേദിയിൽ അരങ്ങേറിയത്.
മക്കാബിയ ഗെയിംസ് വേദിയിൽ എന്തു സംഭവിച്ചു? |Netanyahu-Sara Netanyahu clash
‘ചാനൽ 13’ മാധ്യമപ്രവർത്തകൻ മൈക്കൽ ഷെമേഷ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വി.ഐ.പി ബോക്‌സിലേക്ക് പ്രവേശിക്കുന്നതിനിടെയുണ്ടായ സുരക്ഷാ-പ്രോട്ടോക്കോൾ വീഴ്ചയാണ് സാറ നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്. ചടങ്ങിനിടെ നെതന്യാഹുവിനോടും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനോടും സാറ ഉച്ചത്തിൽ കയർക്കുകയായിരുന്നു.
”താങ്കൾ കാരണമാണ് ഞാൻ ഇവിടെയുള്ള ആളുകളോട് വഴക്കിടേണ്ടി വന്നത്. ഇവിടെയുള്ളവരുമായി ചൂടാകേണ്ടിവന്നത് താങ്കൾ കാരണമാണ്”-സാറ നെതന്യാഹു കടുത്ത ദേഷ്യത്തോടെ ഭർത്താവിനോയോട് വിളിച്ചുപറഞ്ഞു.
തുടർന്ന് നെതന്യാഹുവിന്റെ ഉപദേഷ്ടകരുടെ ഭാഗത്തേക്കുതിരിഞ്ഞ അവർ, ‘നിങ്ങൾ എന്നെയാണ് നോക്കേണ്ടത്. എന്തുകൊണ്ടാണ് എന്നെ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കാത്തത്’ എന്നും ചോദിച്ചു തട്ടിക്കയറി. കൃത്യമായ സുരക്ഷാ അകമ്പടിയില്ലാതെ ജനക്കൂട്ടത്തിനിടയിലൂടെ പോകേണ്ടി വന്നതിനാൽ ആളുകൾ തന്റെ കാൽ ചവിട്ടിമെതിച്ചുവെന്നും സാറ ദേഷ്യത്തോടെ പറഞ്ഞു.
ക്യാമറക്കണ്ണുകൾക്ക് മുന്നിൽ; ഉന്നതവൃത്തങ്ങളെ ഞെട്ടിച്ച് | Netanyahu-Sara Netanyahu clash
പ്രസംഗ പീഠത്തിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രധാനമന്ത്രിയെ സാറ ദേഷ്യത്തോടെ തടയുകയും, പരസ്യമായി കൈകൊണ്ട് തള്ളിമാറ്റുകയും ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പതിനായിരക്കണക്കിന് ക്യാമറക്കണ്ണുകൾക്ക് മുന്നിൽ വെച്ച് നടന്ന ഈ അപ്രതീക്ഷിത സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെയും സംഘാടകരെയും ഒരുപോലെ അമ്പരപ്പിച്ചു.
വേദിയിലുണ്ടായിരുന്ന മറ്റ് പ്രമുഖ നയതന്ത്രജ്ഞരും കായികതാരങ്ങളും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഇരുവരും തമ്മിലുള്ള വാഗ്വാദവും കൈയാങ്കളിയും മിനിറ്റുകളോളം നീണ്ടുനിന്നതായും, ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം തണുപ്പിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പല പ്രമുഖരുടെയും സാന്നിധ്യത്തിൽ മിനിറ്റുകളോളം ഈ ബഹളം നീണ്ടുനിന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ ഉറി മിസ്ഗാവ് (ഡൃശ ങശഴെമ്) തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. വി.ഐ.പി ബോക്‌സിൽ അതീവ അസ്വസ്ഥതയോടെ സാറ നെതന്യാഹു നിൽക്കുന്നതും, ഭർത്താവിനോടും ചുറ്റുമുള്ളവരോടും ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ നാടകീയ രംഗങ്ങൾ ഒരൽപം ശാന്തമായ ശേഷമാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.