‘നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കും, ഉപരോധം തുടർന്നാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകും’; മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ. സാമ്പത്തിക ഉപരോധങ്ങൾ തുടർന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും, ഇസ്രയേലുമായുള്ള സംഘർഷം ഇനിയുമുണ്ടായാൽ അത് യുദ്ധത്തിന്റെ മറ്റൊരു തലമായിരിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റസായി വ്യക്തമാക്കി.
അൽ-മനാർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത പ്രതികരണങ്ങൾ നടത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ‘നരകത്തിലേക്ക് അയക്കുമെന്നും’ അദ്ദേഹത്തിന്റെ ചെയ്തികൾ സയണിസ്റ്റ് ഭരണകൂടത്തിന്റെ അന്ത്യം വേഗത്തിലാക്കിയിരിക്കുകയാണെന്നും റസായി തുറന്നടിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നുണ്ടെന്ന് നെതന്യാഹു വ്യാജപ്രചാരണം നടത്തിയതായും റസായി ആരോപിച്ചു. ഈ തെറ്റായ വിവരങ്ങൾ കേട്ട് ഭയന്ന ട്രംപ് ഒരു ഫുഡ് ട്രക്ക് തൊഴിലാളിയെപ്പോലെയാണ് പരിഭ്രാന്തിയോടെ പെരുമാറിയതെന്നും അദ്ദേഹം പരിഹസിച്ചു. ലബനാനിലെ ദാഹിയ, ബൈറൂത് എന്നിവ ഇറാന്റെ ‘ചുവന്ന വരകൾ’ ആണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭാവിയിലുണ്ടാകുന്ന ഏത് യുദ്ധവും മുൻകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്ക സൈനികമായി പരാജയപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ സാമ്പത്തിക ഉപരോധങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും, ഇത് തുടർന്നാൽ മേഖലയിലെ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങളെ നൂറുശതമാനവും ലക്ഷ്യമാക്കി ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നും റസായി കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സമയത്ത് അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് 70 മുതൽ 80 ദശലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാൻ തങ്ങൾക്ക് കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഉപരോധം ഇനിയും കടുപ്പിച്ചാൽ അമേരിക്കയുടെ സാമ്പത്തിക സ്രോതസ്സുകളെ പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള പോരാട്ടത്തിലേക്ക് ഇറാൻ കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാനെതിരെ ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റിനെയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഇറാന്റെ സൈനിക പ്രവർത്തനങ്ങളുമായും എണ്ണ വ്യാപാരവുമായും ബന്ധമുള്ള അറുപതോളം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കപ്പലുകൾക്കുമാണ് അമേരിക്ക പുതിയതായി ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നീക്കത്തിലൂടെ ഇറാൻ ഭരണകൂടത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. എന്നാൽ, നിലവിൽ ഇറാനുമായി യാതൊരുവിധ ചർച്ചകളും നടത്തുന്നില്ലെന്ന് വൈറ്റ് ഹൗസും, ചർച്ചകളിലേക്ക് മടങ്ങിവരാൻ ഇറാനോട് സമയപരിധിയൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡൊണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.