02/09/2026
[fontresizer_tawhidurrahmandear_widget]

‘മിണ്ടാതിരിക്കൂ, നിങ്ങൾ വ്യാജ മാധ്യമപ്രവർത്തകയാണ്!’; കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ചോദ്യത്തിൽ സിഎൻഎൻ റിപ്പോർട്ടറോട് ക്ഷുഭിതനായി ട്രംപ്

 ‘മിണ്ടാതിരിക്കൂ, നിങ്ങൾ വ്യാജ മാധ്യമപ്രവർത്തകയാണ്!’; കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ചോദ്യത്തിൽ സിഎൻഎൻ റിപ്പോർട്ടറോട് ക്ഷുഭിതനായി ട്രംപ്

വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ചോദ്യമുന്നയിച്ച സിഎൻഎൻ റിപ്പോർട്ടറോട് രൂക്ഷമായി തട്ടിക്കയറി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ സിഎൻഎൻ ചീഫ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് ക്രിസ്റ്റൻ ഹോംസ് തുടർചോദ്യങ്ങൾ ചോദിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

“മിണ്ടാതിരിക്കൂ… നിങ്ങളെ വ്യാജ വാർത്തയാണ്, വ്യാജ മാധ്യമപ്രവർത്തകയാണ്” എന്ന് ട്രംപ് പരസ്യമായി ആക്രോശിക്കുകയായിരുന്നു. കാലിഫോർണിയയിലെ കടലിൽനിന്ന് ഒരു കുട്ടിയെ രക്ഷിച്ച റൈഡർ വില്യംസ് എന്ന പതിനാറുകാരനായ ലൈഫ് ഗാർഡിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം.

യുഎസ് നാവികസേനയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ട്രംപ് നിഷേധിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റൻ ഹോംസ് വിദേശനയ ചോദ്യങ്ങൾ ഉന്നയിച്ചത്. ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം കുറയ്ക്കാൻ കിം ജോങ് ഉൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് അവർ ചോദിച്ചു. ട്രംപിന്റെ അടുത്ത സഹായി നതാലി ഹാർപുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരത്തെ ഉയർന്നതിലും പ്രസിഡന്റ് പ്രകോപിതനായിരുന്നു.

“മിണ്ടാതിരിക്കൂ… ഇവിടെ നിൽക്കുന്ന കൊച്ചുകുട്ടിയുടെ മുന്നിൽ വെച്ച് നിങ്ങൾ തീർത്തും അനാദരവോടെയാണ് പെരുമാറുന്നത്. നിങ്ങൾ ബഹളം വെക്കുന്ന ഒരു വ്യക്തിയാണ്, നിങ്ങൾ ഫേക്ക് ന്യൂസ് ആണ്, നിങ്ങൾ വ്യാജ റിപ്പോർട്ടറാണ്,” എന്ന് ട്രംപ് മാധ്യമപ്രവർത്തകയോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ ക്രിസ്റ്റൻ ഹോംസിന് പിന്തുണയുമായി സിഎൻഎൻ രംഗത്തെത്തി. വൈറ്റ് ഹൗസ് റിപ്പോർട്ടിംഗിൽ ഏറെ പരിചയസമ്പന്നയായ മികച്ച മാധ്യമപ്രവർത്തകയാണ് ഹോംസ് എന്നും അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് അവർ ചെയ്തതെന്നും സിഎൻഎൻ വ്യക്തമാക്കി. ട്രംപിൻ്റെ പ്രതികരണം പ്രസിഡന്റ് പദവിക്ക് നിരക്കാത്തതാണെന്നും മാധ്യമസ്ഥാപനം വിമർശിച്ചു.

Also read: