‘ജനുവരി വരെയുള്ള ഫണ്ട് എൻ്റെ കയ്യിലുണ്ട്; ഇറാനുമായുള്ള യുദ്ധം നിർത്തരുത്‘: ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം നിർത്തരുതെന്നും ജനുവരി വരെ സൈനിക നീക്കങ്ങൾ തുടരാൻ ആവശ്യമായ ഫണ്ട് തന്റെ കൈവശമുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം നിർത്താൻ ശ്രമിച്ചാൽ സമ്പൂർണ വിജയത്തെ പരാജയമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ ഡെമോക്രാറ്റുകൾ അധികാരത്തിലെത്തുന്നതോടെ തന്റെ സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ സമ്മർദം ചെലുത്തില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ സൈനിക ശേഷിയെല്ലാം ഇല്ലാതായെന്നും അത് തങ്ങളുടെ വിജയമാണെന്നും അവകാശപ്പെട്ട ട്രംപ്, ഈ വിജയത്തെ പരാജയമാക്കി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. “ഇറാന്റെ നാവികസേന, വ്യോമസേന, അവരുടെ നേതാക്കൾ എല്ലാം ഇല്ലാതായി. ഡെമോക്രാറ്റുകൾ യുദ്ധം നിർത്താൻ ശ്രമിച്ചാൽ ഈ വിജയത്തെ ഒരു പരാജയമാക്കി മാറ്റും. അതാണ് സംഭവിക്കാൻ പോകുന്നതെങ്കിൽ ജനുവരി വരെ നമുക്ക് ആവശ്യമായ ഫണ്ട് ഉണ്ട്,” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
രാഷ്ട്രീയമായി ഡെമോക്രാറ്റുകൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ എന്ന് തനിക്കറിയില്ലെന്നും, യുദ്ധത്തിൽ തങ്ങൾ വിജയിച്ചുനിൽക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരിക്കരുതെന്നാണ് തന്റെ പ്രധാന നിർബന്ധമെന്നും, ഇറാനിലെ ഭരണമാറ്റത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ഉന്നത ഭരണകൂട നേതാക്കളെ ലക്ഷ്യം വെക്കുന്ന കാര്യം ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.