‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ
തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന ഒരു ചിത്രവും വാർത്തയ്‌ക്കൊപ്പം പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രമുഖ ഇറാനിയൻ പത്രമായ ‘വതൻ-ഇ എംറുസ്’ ഗ്രഹാമിനെ “മരണത്തിന്റെ വ്യാപാരി’ എന്നാണ് വിശേഷിപ്പിച്ചത്.
ഇറാൻ മാധ്യമങ്ങൾ ഗ്രഹാമിന്റെ മരണം വലിയ രീതിയിൽ ആഘോഷമാക്കുകയാണ്. ‘യുദ്ധക്കൊതിയനും ഇറാൻ വിരുദ്ധനുമായ അമേരിക്കൻ സെനറ്റർ നരകത്തിലേക്ക് പോയി’ എന്നാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ തത്സമയം പ്രതികരിച്ചത്. ഭീഷണിപ്പെടുത്തലും ആക്രമണവുമായിരുന്നു ഗ്രഹാമിന്റെ ജീവിതശൈലിയെന്നും അദ്ദേഹത്തിന്റെ മരണത്തിൽ ഇറാൻ ജനത ദുഃഖിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ ലിൻഡ്സെ ഗ്രഹാം (71) ഡോണൾഡ് ട്രംപിന്റെ വിദേശനയ ഉപദേശകനായിരുന്നു. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കണമെന്നും പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖാംനാഇയിയെ വധിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വാഷിങ്ടനിലെ വസതിയിൽ വച്ചാണ് ഹൃദയത്തിലെ പ്രധാന ധമനിയായ അയോർട്ടയിലുണ്ടായ തകരാറിനെ തുടർന്ന് അദ്ദേഹം മരണപ്പെട്ടത്. ആയത്തുല്ല അലി ഖാംനഇയിയുടെ മരണത്തിന് പ്രതികാരമായി വധിക്കേണ്ട 13 വിദേശ നേതാക്കളുടെ പട്ടിക ഹംഷഹരി പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.