‘യുഎസിന്റെ യുദ്ധവിമാനങ്ങൾ തകർത്തു, ഗുരുതര കേടുപാടുകൾ വരുത്തി’; ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ
തെഹ്റാൻ: തങ്ങളുടെ രാജ്യത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത്. ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും യുഎസിന്റെ നിരവധി യുദ്ധവിമാനങ്ങളും റീഫ്യൂവലിങ് എയർക്രാഫ്റ്റുകളും തകർക്കുകയും ഗുരുതര കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ (IRGC) പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അർധരാത്രി യുഎസ് നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് തങ്ങൾ നടത്തിയതെന്നാണ് ഇറാന്റെ വാദം. കൂടാതെ, ഇറാൻഷഹറിലെ ഇറാനിയൻ സൈനികരെ കൊലപ്പെടുത്തിയതിന് പകരമായി സിറിയയിലെ അൽ ടൻഫിലുള്ള യുഎസിന്റെ സ്പെഷൽ ഓപറേഷൻസ് കമാൻഡ് സെന്ററിനു നേർക്കും ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നു.
അതേസമയം, ഇറാന്റെ മൂന്ന് മിസൈലുകൾ വെടിവെച്ചിട്ടതായും ആക്രമണത്തിൽ മരണമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും ജോർദാൻ സൈന്യം അറിയിച്ചു. സിറിയയിലെ കമാൻഡ് സെന്റർ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദത്തോട് സിറിയൻ സർക്കാരോ യുഎസ് സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.