‘അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയ്ക്ക് ഭീഷണി; ഓരോ ഇഷ്ടികകളായി പൊളിച്ചു നീക്കും’; മാർക്കോ റൂബിയോ
വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, കോടതിയുടെ പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനുള്ള പ്രചാരണവുമായി ട്രംപ് ഭരണകൂടം രംഗത്ത്. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ അന്താരാഷ്ട്ര കോടതിയെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശക്തമായ നടപടികളാണ് യു.എസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.സി.സിയും അതിന്റെ പിന്തുണക്കാരും ചേർന്ന് നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും ആയുധമാക്കി അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വീഡിയോ സന്ദേശത്തിലൂടെ കുറ്റപ്പെടുത്തി.
അമേരിക്കൻ സൈനികരെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടാനും വിചാരണ ചെയ്യാനും തടവിലിടാനും അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അവകാശവുമില്ലെന്നും, ഐ.സി.സി രൂപീകരണത്തിന് കാരണമായ റോം ഉടമ്പടിയിൽ അമേരിക്ക ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ് സൈനികരെ സംരക്ഷിക്കുന്നതിനായി, ആവശ്യമെങ്കിൽ ഈ കോടതിയെ ഓരോ ഇഷ്ടികയായി പൊളിച്ചുനീക്കുമെന്ന് വാൾസ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ റൂബിയോ മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി ഐ.സി.സിയിലെ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും അവരുടെ വിസ റദ്ദാക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും അമേരിക്ക ആലോചിക്കുന്നുണ്ട്. അതോടൊപ്പം, മറ്റു രാജ്യങ്ങളുടെ മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തി അവരെ അന്താരാഷ്ട്ര കോടതിയിൽ നിന്ന് പിന്തിരിപ്പിക്കാനും സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കാനും യു.എസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗസ്സയിലെ യുദ്ധക്കുറ്റത്തിന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, യു.എസ് ഭരണകൂടം കോടതിയിലെ ഒൻപത് ജഡ്ജിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് കടുത്ത നടപടികൾക്കെതിരെ മൂന്ന് അന്താരാഷ്ട്ര ജഡ്ജിമാർ ഡൊണാൾഡ് ട്രംപിനും യു.എസ് ഭരണകൂടത്തിനുമെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. അമേരിക്കയുടെ സുരക്ഷാ സഹായം കൈപ്പറ്റുന്ന രാജ്യങ്ങൾ ഐ.സി.സിയുടെ വ്യാജ അധികാരം തള്ളിക്കളയാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ആ രാജ്യങ്ങൾ അമേരിക്കയുടെ കർശന നിരീക്ഷണത്തിലാകുമെന്നും യു.എസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.