ട്രംപിന്റെ അവകാശവാദങ്ങൾ പൊള്ളയോ? ‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ട്രംപ്, എന്നിട്ടും ശക്തമായ ആക്രമണം?’; ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, യുഎസ് ഭരണകൂടത്തിന്റെ മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഇറാന്റെ ആണവ-സൈനിക ശേഷികൾ പൂർണമായും തകർക്കപ്പെട്ടുവെന്ന ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളുടെ പൊരുളാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. വിവിധ ഭൂഗർഭ കേന്ദ്രങ്ങളിൽ ഇറാൻ അതിവേഗം പുനർനിർമാണം നടത്തുന്നതായുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതാണ് ഈ ചർച്ചകൾക്ക് ആധാരം.
ഇറാന്റെ സൈനിക താവളങ്ങൾ ഇല്ലാതാക്കിയെന്ന യുഎസ് പ്രഖ്യാപനങ്ങൾ വെറും തന്ത്രപരമായ പ്രചാരണങ്ങൾ മാത്രമായിരുന്നുവെന്നാണ് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത സൈനിക കേന്ദ്രങ്ങൾക്കപ്പുറം, മലനിരകൾ തുരന്ന് നിർമ്മിച്ച അതിശക്തമായ ബങ്കറുകളും ഭൂഗർഭ അറകളും ഇനിയും ഇറാന്റെ പക്കലുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഈ അദൃശ്യ കോട്ടകളാണ് പശ്ചിമേഷ്യയിൽ അമേരിക്കയെയും ഇസ്രായേലിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നത്.
അതേസമയം, ഇറാന്റെ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പേർഷ്യൻ ഗൾഫ് മേഖലയിൽ വൻതോതിലുള്ള വ്യോമാക്രമണ പരമ്പരകളാണ് നടത്തുന്നത്. യുഎസ് വ്യോമസേനയുടെ അത്യാധുനിക മെഗാ ഇന്ധന ടാങ്കർ വിമാനങ്ങൾ ട്രാൻസ്പോണ്ടറുകൾ ഓഫാക്കാതെ പേർഷ്യൻ ഗൾഫിന് മുകളിൽ തന്ത്രപ്രധാനമായ രീതിയിൽ വട്ടമിട്ടു പറക്കുന്നതായാണ് റിപ്പോർട്ടുകൾ.
അൽ ഉദൈദ് സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന, വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കുന്ന ‘ബോയിങ് കെസി 46എ പെഗാസസ്’ ടാങ്കർ വിമാനങ്ങളാണ് യുഎസ് വ്യോമസേന ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇറാനിലെ വിവിധ സൈനിക താവളങ്ങളെയും ഐആർജിസി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പറക്കുന്ന എഫ്16 ഫൈറ്റിങ് ഫാൽക്കൺ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾക്ക് മടങ്ങിയെത്താതെ ആകാശത്തുവെച്ച് തന്നെ ഇന്ധനം നൽകാനുള്ള ‘ആകാശ പെട്രോൾ പമ്പ്’ ആയിട്ടാണ് ഇവ പ്രവർത്തിക്കുന്നത്. പേർഷ്യൻ ഗൾഫിൽ വലിയൊരു സൈനിക നീക്കത്തിന് അമേരിക്ക കളം ഒരുക്കിക്കഴിഞ്ഞു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ തന്ത്രപരമായ വ്യോമവിന്യാസം.