29/07/2026
[fontresizer_tawhidurrahmandear_widget]

‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്

 ‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പട്‌ന: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന പ്രവാസി യുവാവിനെതിരെ കേസെടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള ബഹാദൂർഗഞ്ച് സ്വദേശി മുഹമ്മദ് സദാഖത്താണ് പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നത്.

പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റഷ്യൻ പതാകയ്ക്കും അവിടുത്തെ വലിയ വ്യവസായ സമുച്ചയങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് സദാഖത്ത് തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നത്. തൊഴിലാവശ്യങ്ങൾക്കായി കഴിഞ്ഞ നാല് മാസമായി താൻ റഷ്യയിലാണെന്നും, അതിനാൽ ബിഹാറിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നും റഷ്യയിലുള്ള ഒരാൾ എങ്ങനെയാണ് ബിഹാറിലെ പ്രതിഷേധത്തിൽ പങ്കാളിയാകുക എന്നും സദാഖത്ത് ചോദിക്കുന്നു.

എന്നാൽ, സദാഖത്തിനെതിരെ ഏത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നോ ചുമത്തിയിട്ടുള്ള വകുപ്പുകൾ ഏതാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പ്രമുഖ മാധ്യമപ്രവർത്തകരായ പീയൂഷ് റായ്, സച്ചിൻ ഗുപ്ത തുടങ്ങിയവർ പോലീസിന്റെ ഈ ഗുരുതര വീഴ്ച സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം വലിയ ചർച്ചയായത്.

യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം രാജ്യത്തില്ലാത്ത നിരപരാധികളെ പോലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന ബിഹാർ പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ പോലീസിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Also read: