പ്രതിഷേധക്കാരെ കുടുക്കാൻ പൊലീസ് നാടകമോ? കസ്റ്റഡിയിലുള്ള കല്ലുലോറി മാറ്റിയത് 4 തവണ; ദുരൂഹ യാത്രയ്ക്ക് പിന്നിലെ സത്യമെന്ത്?
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്.
പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട HR63 E 6865 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഡമ്പർ ട്രക്ക് അനാഥമായി കിടന്ന ഒന്നല്ല. ജൂലൈ 16-ന് പുലർച്ചെ ഫിറോസ് ഷാ റോഡ് – കസ്തൂർബാ ഗാന്ധി മാർഗ് ജങ്ഷനിൽ മാരുതി ഈക്കോ വാനുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റ അപകടത്തിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണിത്. സ്റ്റേഷനിലെ മാൽഖാനയുടെ (കസ്റ്റഡി കേന്ദ്രം) ചുമതലയിലായിരുന്ന ട്രക്ക്, കസ്റ്റഡിയിലിരിക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാല് തവണയെങ്കിലും വിവിധ സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടു.
സംഭവത്തിൽ ഒരേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നൽകുന്ന പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ സംശയം വർധിപ്പിക്കുന്നു. ജൂലൈ 20-ന് ട്രക്കിന്റെ വീഡിയോ പ്രചരിച്ചതോടെ അത് ഭൽസ്വയിലേക്ക് കൊണ്ടുപോയി കല്ലുകൾ ഒഴിവാക്കി തിരികെ സ്റ്റേഷനിൽ പാർക്ക് ചെയ്യുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, സ്ഥലപരിമിതി മൂലമാണ് മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ പ്രതിഷേധത്തിന് തലേന്ന് (ജൂലൈ 19-ന്) തന്നെ ട്രക്ക് കാലിയാക്കിയിരുന്നുവെന്നും പ്രചരിക്കുന്ന ദൃശ്യങ്ങൾ പഴയതാണെന്നുമാണ് സൻസദ് മാർഗ് എസ്എച്ച്ഒയുടെ വാദം. വാഹനം പൊലീസ് എവിടെ പാർക്ക് ചെയ്യുന്നു എന്നത് വലിയ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ജൂലൈ 19-ന് കാലിയാക്കിയ ട്രക്കിൽ ജൂലൈ 20-ന് രാവിലെ എങ്ങനെ കല്ലുകൾ നിറഞ്ഞു എന്നതിൽ പൊലീസിന് വ്യക്തതയില്ല. പിന്നീട് ഈ വാഹനം റൈസിന റോഡിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസിന് മുന്നിൽ ദിവസങ്ങളോളം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയും ചെയ്തു.
അതേസമയം, അപകടത്തിൽപ്പെട്ട ഈക്കോ വാൻ പ്രതിഷേധക്കാർ തകർത്തതാണെന്ന പൊലീസ് വാദവും തെറ്റാണെന്ന് എഫ്ഐആർ വിവരങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് നേരെ രണ്ട് റൗണ്ട് പെല്ലറ്റ് പ്രയോഗിക്കാൻ നിർദേശം നൽകിയത് ഡൽഹി ഡിസിപിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്രമസമാധാന പാലനത്തിന്റെ ഭാഗമായിട്ടാണ് വാഹനം സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതെന്നുമാണ് സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.