28/09/2026
[fontresizer_tawhidurrahmandear_widget]

‘അമ്പലത്തിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷവും ഉച്ചത്തിൽ പാട്ട്’; ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് അല്ലു അർജുന്റെ സഹോദരൻ

 ‘അമ്പലത്തിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷവും ഉച്ചത്തിൽ പാട്ട്’; ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് അല്ലു അർജുന്റെ സഹോദരൻ

ഹൈദരാബാദ്: വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നുള്ള ഉച്ചഭാഷിണി ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി പ്രമുഖ തെലുങ്ക് നടനും അല്ലു അർജുൻ്റെ സഹോദരനുമായ അല്ലു ശിരീഷ്. ഹൈദരാബാദ് ഷെയ്ക്പേട്ടിലുള്ള തൻ്റെ വീടിന് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷവും അനുവദനീയമായ ഡെസിബൽ പരിധി ലംഘിച്ച് ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്. എക്‌സിലൂടെയാണ് അദ്ദേഹം വിഷയം പരസ്യപ്പെടുത്തിയത്.

ഉത്സവങ്ങൾ കഴിഞ്ഞിട്ടും രാത്രി വൈകിയും ഉച്ചത്തിലുള്ള പാട്ടുകൾ തുടരുന്നത് കാരണം തൻ്റെ സൊസൈറ്റിയിലെ മുതിർന്നവർക്കും കുട്ടികൾക്കും ജോലിക്കുപോകുന്നവർക്കും ഉറങ്ങാൻ കഴിയുന്നില്ലെന്ന് അല്ലു ശിരീഷ് വ്യക്തമാക്കി. മുൻപ് ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഗണേശോത്സവ നിമജ്ജനം കഴിയുന്നതുവരെ (സെപ്റ്റംബർ 25) ക്ഷമിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉത്സവം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്നാണ് ഹൈദരാബാദ് സിറ്റി പൊലീസിനെ ടാഗ് ചെയ്ത് അദ്ദേഹം എക്സിൽ പോസ്റ്റിട്ടത്.

അല്ലു ശിരീഷിൻ്റെ പോസ്റ്റിന് പിന്നാലെ ഹൈദരാബാദ് സിറ്റി പൊലീസ് വിഷയത്തിൽ ഇടപെട്ടു. അടിയന്തര നടപടിക്കായി ഫിലിം നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് നിർദ്ദേശം നൽകിയതായി പൊലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയും ക്ഷേത്ര സംഘാടകരോട് ശബ്ദം കുറയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രമുഖ നിർമാതാവ് അല്ലു അരവിന്ദിൻ്റെ മകനായ അല്ലു ശിരീഷിൻ്റെ ഇടപെടൽ നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Also read: