‘മഹാരാഷ്ട്രയിൽ 2 വർഷത്തിനിടെ 590-ലേറെ ആദിവാസി വിദ്യാർഥികൾ മരിച്ചു’: വെളിപ്പെടുത്തലുമായി അഭിജിത് ദിപ്കെ
മുംബൈ: മഹാരാഷ്ട്രയിലെ ആശ്രമ സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ ആശ്രമ സ്‌കൂളുകളിൽ 590-ലധികം ആദിവാസി വിദ്യാർഥികളാണ് മരണപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.
അർദ്ധരാത്രി പാകം ചെയ്‌ത് അടുത്ത ദിവസം ഉച്ചയ്ക്ക് വിളമ്പുന്ന പഴകിയ ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നതെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കട്ടിലിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ കുട്ടികൾ നിലത്ത് കിടക്കേണ്ട അവസ്ഥയാണുള്ളത്. ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് വെറും രണ്ടു ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. രാഷ്ട്രീയക്കാർ തങ്ങളുടെ വളർത്തുമൃഗങ്ങൾക്കായി വർഷം തോറും ചെലവഴിക്കുന്ന തുകയേക്കാൾ കുറഞ്ഞ വിലയാണ് പാവപ്പെട്ട വിദ്യാർഥികളുടെ ജീവന് അധികാരികൾ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അന്തസ്സോടെയുള്ള ജീവിതവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നത് ആദിവാസി വിദ്യാർഥികളുടെ അടിസ്ഥാന അവകാശമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാസിക്കിൽ കഴിഞ്ഞ 12 ദിവസമായി നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ സന്ദർശിച്ച അഭിജിത്, വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്നും ആവശ്യമെങ്കിൽ വിദ്യാർഥികളുമായി മുംബൈയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.