02/08/2026
[fontresizer_tawhidurrahmandear_widget]

‘മോദി നൽകിയത് ജീവദാനം, മകളുടെ തെറ്റിന് മാപ്പ് ചോദിക്കുന്നു’;  പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

 ‘മോദി നൽകിയത് ജീവദാനം, മകളുടെ തെറ്റിന് മാപ്പ് ചോദിക്കുന്നു’;  പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഭിച്ച മാപ്പ് അവൾക്ക് കിട്ടിയ ‘ജീവദാന’മാണെന്ന് അമ്മ. സംഭവത്തിൽ ക്ഷമ ചോദിച്ച പ്രധാനമന്ത്രിയോടും രാജ്യത്തോടും നന്ദി പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അവർ വ്യക്തമാക്കി. പെൺകുട്ടിയെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും അവരോട് ക്ഷമിക്കുന്നതായും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

കോക്രോച്ച് ജനത പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥ സമരത്തിനിടെയായിരുന്നു അധിക്ഷേപ പരാമർശം. സംഭവത്തിൽ നോയിഡ പോലീസ് പെൺകുട്ടിക്കെതിരെ ‘സീറോ എഫ്ഐആർ’ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എഫ്ഐആറിൽ രേഖപ്പെടുത്തിയ രുചിക സിങ് (25) എന്ന പേരും പ്രായവും തെറ്റാണെന്ന് അമ്മ ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളോടെ രജിസ്റ്റർ ചെയ്ത ഈ എഫ്ഐആർ ഒഴിവാക്കി പെൺകുട്ടിക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും നിരോധിക്കണമെന്ന് അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത്തരം സമരസ്ഥലങ്ങളിലേക്ക് കുട്ടികളെ വിടരുതെന്നും പെട്ടെന്ന് ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള പ്രായത്തിൽ അവരെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്നും അമ്മ കൂട്ടിച്ചേർത്തു.

മറ്റുള്ളവരുടെ സ്വാധീനത്തിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും തനിക്ക് 15 വയസ്സ് മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി പെൺകുട്ടി നേരത്തെ സോഷ്യൽ മീഡിയയിലൂടെ രാജ്യത്തോടും പ്രധാനമന്ത്രിയോടും മാപ്പ് ചോദിച്ചിരുന്നു. വഴിതെറ്റിയ കുട്ടികളെ കോടതിയിൽ വലിച്ചിഴയ്ക്കാതെ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

Also read: