‘വിദ്യാർത്ഥികളുടെ കണ്ണ് നഷ്ടപ്പെടുത്തിയ പൊലീസിനെയോ പ്രശംസിക്കേണ്ടത്?’; റിജിജുവിന്റെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർ മന്തറിൽ ജൂലൈ 20-ന് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ക്രൂരതയ്ക്ക് ശേഷവും പൊലീസിനെ അഭിനന്ദിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് അസത്യത്തിലും അക്രമത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ജന്തർ മന്തറിലെ സമരത്തെ മരണങ്ങളോ ഗുരുതരമായ പരിക്കുകളോ ഇല്ലാതെ കൈകാര്യം ചെയ്തതിന് ഡൽഹി പൊലീസിനെ പ്രശംസിക്കണമെന്നായിരുന്നു കിരൺ റിജിജു എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സമരത്തിൽ പങ്കെടുത്ത് പരിക്കേറ്റ ആരും തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും എല്ലുകൾ ഒടിഞ്ഞിട്ടില്ലെന്നും പറഞ്ഞ റിജിജു, വിദ്യാർത്ഥികളുടെ ഇടയിൽ ക്രിമിനലുകൾ കയറിക്കൂടിയിരുന്നുവെന്നും വാദിച്ചു.
എന്നാൽ ഈ പ്രസ്താവനയെ തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി. പാർലമെന്റിന് തൊട്ടടുത്ത് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും ആണികൾ തറച്ച ലാത്തികളുമാണ് പൊലീസ് പ്രയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും ഒരു പെൺകുട്ടിയുടെ ചെവി മുറിഞ്ഞുപോവുകയും ചെയ്തു. പൊലീസിന്റെ ഈ ക്രൂരതയ്ക്കാണോ കേന്ദ്ര സർക്കാർ പ്രശംസ അർഹിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
ആദ്യം കുട്ടികളെ തല്ലിച്ചതയ്ക്കുകയും പിന്നീട് ഒന്നും സംഭവിച്ചില്ലെന്ന് അവകാശപ്പെടുകയുമാണ് സർക്കാർ ചെയ്യുന്നത്. സ്വന്തം തെറ്റുകൾ കാണാനോ അത് അംഗീകരിക്കാനോ കഴിയാത്ത ആളുകളിൽ നിന്നാണ് രാജ്യത്തിന് വലിയ അപകടമുണ്ടാകുന്നതെന്നും രാഹുൽ ആരോപിച്ചു. സത്യം അറിയുന്ന ഈ രാജ്യത്തെ കുട്ടികളോട് സർക്കാരുകൾ കള്ളം പറയരുതെന്നും അവർക്ക് കണ്ണുകളും ഓർമ്മയുമുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.