‘പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് വസതിയുമായി; എന്നിട്ടും എന്തുകൊണ്ട് പുതിയ സ്കൂളുകൾ നിർമിക്കുന്നില്ല?’- പുതിയ ക്യാംപെയ്നുമായി സിജെപി
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക കാമ്പയിനുമായി സിജെപി. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ‘സർപഞ്ച് ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ പോരാട്ടത്തിന് തുടക്കമാകുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
നഗരങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന അതേ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഗ്രാമങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമത്തലവന്മാരും രക്ഷിതാക്കളും സ്കൂളുകളുടെ പുരോഗതിക്കായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സ്വന്തം ഗ്രാമത്തിലെത്തി സ്കൂളുകളുടെ വികസനത്തിനായി ഗ്രാമമുഖ്യന് നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“രാജ്യത്ത് പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് പുതിയ വസതിയും നിർമിച്ചു. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമിക്കുന്നില്ല?” എന്ന് അഭിജിത് ദീപ്കെ ചോദിച്ചു. 80 വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് ഗ്രാമീണ സ്കൂളുകളാണെന്നും കർഷകരുടെയും തൊഴിലാളികളുടെയും മക്കൾക്ക് ഇപ്പോഴും കുടിവെള്ളവും ടോയ്ലറ്റും ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ പ്രദേശങ്ങളിലെ സ്കൂളുകൾ വിജയകരമായി നവീകരിക്കുന്ന ഗ്രാമത്തലവന്മാർക്ക് (സർപഞ്ച്) സിജെപി പ്രത്യേക അംഗീകാരവും ആദരവും നൽകും.