02/09/2026
[fontresizer_tawhidurrahmandear_widget]

‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ ബിജെപി ഗുണ്ടകളെന്ന് സിജെപി

 ‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ ബിജെപി ഗുണ്ടകളെന്ന് സിജെപി

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനയ്ക്കായെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായി ആരോപണം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാൽ, അവിടെ പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹ-കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു.

രാംപുര-കൺവാർപുര ഗ്രാമത്തിലെ സ്കൂൾ സന്ദർശിക്കാനാണ് അശുതോഷ് റാങ്കയുടെ നേതൃത്വത്തിൽ സി.ജെ.പി സംഘം എത്തിയത്. ഇതിനിടെയാണ് ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായെത്തുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തത്. കുട്ടികളെ എരുമകൾക്കൊപ്പം ഗോശാലയിലാണ് ഇരുത്തി പഠിപ്പിക്കുന്നതെന്നും, ഈ യാഥാർത്ഥ്യം പുറത്തറിയാതിരിക്കാനാണ് ബി.ജെ.പി ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ തടഞ്ഞതെന്നും റാങ്ക എക്സിലൂടെ കുറിച്ചു. സി.ജെ.പി പ്രവർത്തകരെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത വീഴ്ചയുണ്ടായെന്നും പാർട്ടി സ്ഥാപകൻ അഭിജിത് ഡിപ്കെ ആരോപിച്ചു.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ജയ്പൂർ, അജ്മീർ, ജോധ്പൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നേരിട്ടെത്തി പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിനു പിന്നാലെ, പ്രധാനാധ്യാപകന്റെ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിനും ചിത്രങ്ങളോ വീഡിയോയോ പകര്ത്തുന്നതിനും വിലക്കേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് നിയന്ത്രണമെന്ന് സർക്കാർ വിശദീകരിച്ചു.

അതേസമയം, സർക്കാരിന്റെ പുതിയ നിയന്ത്രണത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി. സ്കൂളുകളിലെ പോരായ്മകൾ മറച്ചുവെക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും രാജസ്ഥാൻ നിയമസഭാ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജൂലി ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ സിവിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also read: