03/08/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ രേഖകൾ കാണിക്കാം; അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ പരമോന്നത നേതാവ് തയ്യാറാകുമോ?’- മോദിയെ വെല്ലുവിളിച്ച് അഭിജീത് ദിപ്കെ

 ‘ഞാൻ രേഖകൾ കാണിക്കാം; അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ പരമോന്നത നേതാവ് തയ്യാറാകുമോ?’- മോദിയെ വെല്ലുവിളിച്ച് അഭിജീത് ദിപ്കെ

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബിജെപിയും സർക്കാരും പകപോക്കൽ നടപടികൾ തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തൻറെ അമേരിക്കൻ പഠനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ വിവരാവകാശ അപേക്ഷ നൽകിയതിന് മറുപടിയായാണ് അഭിജീതിന്റെ പ്രതികരണം.

കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ അമിത് തിവാരിയാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഇതിന് മറുപടിയായി, തനിക്ക് ലഭിച്ച സ്കോളർഷിപ്പ് ലെറ്ററും എജ്യുക്കേഷൻ ലോൺ രേഖകളും പരസ്യപ്പെടുത്താൻ തയ്യാറാണെന്ന് അഭിജീത് വ്യക്തമാക്കി. ബോസ്റ്റൺ യൂനിവേഴ്സിറ്റി നൽകിയ സ്കോളർഷിപ്പും ബാങ്ക് വായ്പയുമാണ് തൻറെ പഠനത്തിന് സഹായമായതെന്നും വായ്പ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കോളർഷിപ്പ് കത്തും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വിശദീകരണം.

“ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നതിൽ ഇവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്? പകരം നിങ്ങളുടെ പരമോന്നത നേതാവ് തന്റെ അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ?” – അഭിജീത് ചോദിച്ചു.

‘ചക്രവർത്തി ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വിദ്യാർഥി വേട്ട തുടർന്നാൽ ഡിഗ്രി വിഷയം കൂടുതൽ ശക്തമായി ഉയർത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

അതിനിടെ, ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തെ ബംഗ്ലാദേശിലെയും നേപ്പാളിലെയും സമരങ്ങളുമായി ഉപമിച്ച തസ്‌ലീമ നസ്രീന്റെ പ്രസ്താവനയ്ക്കും അഭിജീത് മറുപടി നൽകി. തങ്ങളുടെ സമരം തികച്ചും വ്യത്യസ്തമാണെന്നും പ്രക്ഷോഭങ്ങളെ തെറ്റായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: