26/09/2026
[fontresizer_tawhidurrahmandear_widget]

‘നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും’: മുഖ്യമന്ത്രി

 ‘നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും’: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിക്കും. ദുരന്തം നടന്ന പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ മുന്നറിയിപ്പുകളൊന്നുമില്ലാതെ അപ്രതീക്ഷിതമായാണ് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗികമായി ടൂറിസ്റ്റ് സ്പോട്ടായി പ്രഖ്യാപിക്കാത്ത ഈ പ്രദേശത്തിന്റെ ഭംഗി വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ ഇവിടേക്ക് എത്തിയത്. വരുംദിവസങ്ങളിൽ പ്രദേശത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എൻജിഓകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കി ജില്ലാടിസ്ഥാനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഉളർവട്ടം കടവിലും പൂക്കോട്ടുംപാടത്തെ ടി.കെ ഉന്നതിയിലുമാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. തിരച്ചിലിൽ അഞ്ച് മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

എൻഡിആർഎഫ്, അഗ്നിശമന സേന, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read: