27/09/2026
[fontresizer_tawhidurrahmandear_widget]

‘ചെലവ് ഒഴിവാക്കാനാണ്; ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യും, സർക്കാർ പണമല്ല’: മുഖ്യമന്ത്രി വി.ഡി സതീശൻ

 ‘ചെലവ് ഒഴിവാക്കാനാണ്; ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യും, സർക്കാർ പണമല്ല’: മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ദുരിതബാധിത മേഖല സന്ദർശിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ഫണ്ട് ചെലവഴിച്ചല്ല താൻ യാത്ര ചെയ്തതെന്നും ചെലവ് ഒഴിവാക്കാൻ വേണ്ടിയുള്ള ഇത്തരം യാത്രകൾ ഇനിയും തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ദുരന്തനിവാരണത്തിൽ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താൻ ചെയ്തതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം ആവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാർ ഉൾപ്പെട്ട യാത്രാ-വാഹന വിവാദങ്ങളിൽ മുഖ്യമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ പത്തു വർഷം പഴക്കമുള്ള വാഹനം ഉപയോഗിച്ചതിൽ അപാകതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ജനീഷ് കുമാർ വിദേശത്ത് പോയതും സംഘടനകൾ ടിക്കറ്റ് എടുത്തു നൽകിയതും തന്റെ നിർദേശപ്രകാരമാണെന്നും അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടിക്കറ്റ് നൽകുന്നവർ ഔദാര്യം പറ്റാൻ നിൽക്കുകയല്ലെന്നും, സമാന രീതിയിൽ യാത്ര ചെയ്തവരുടെ പട്ടിക കൈവശമുണ്ടെങ്കിലും നിലവിൽ അത് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ മരിച്ച ഒൻപതു പേരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇഎസ്എ വിഷയം ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുള്ള മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Also read: