‘ഡയറിയിൽ പേര് വന്നതിനെപ്പറ്റി അറിയില്ല, പി.സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്’; പ്രതികരിച്ച് ജി സുധാകരന്‍
ആലപ്പുഴ: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരൻ എംഎൽഎ. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോർജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണെന്നും ജി സുധാകരൻ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തു വിട്ടിരുന്നു.
പാർട്ടിക്ക് പണം നൽകാമെന്ന് കർത്ത പറഞ്ഞപ്പോൾ താൻ എതിർക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുന്നതായിരിക്കും. യഥാർത്ഥത്തിൽ കാശു വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പേര് വന്നതിൽ താൻ മാനനഷ്ടക്കേസ് ഒന്നും നൽകുന്നില്ല. മാനം ഉള്ളവർ ഇതൊന്നും പറയില്ലല്ലോയെന്നും സുധാകരൻ പറഞ്ഞു.
എന്തായാലും ഷോൺ ജോർജിന്റെ പേര് ലിസ്റ്റിൽ ഇല്ലല്ലോ?. അതു മതിയെന്ന് സുധാകരൻ പ്രതികരിച്ചു. പി സി ജോർജ് പോലും തന്നെപ്പറ്റി അസംബ്ലിയിൽ ഒന്നും പറഞ്ഞിട്ടില്ല. തന്നെപ്പറ്റി മാത്രമാണ് പിസി ജോർജ് ഒന്നും പറയാത്തത്. ഷോൺ ജോർജിന് എവിടെ നിന്നും പേരു കിട്ടി?. ആ ചെറുപ്പക്കാരൻ ഇത്തിരി ഓവറാണ്.
അയാൾ പറയുന്നത് കുറച്ചൊക്കെ ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അയാൾ ഇത്തിരി ഓവറാണ്. ഇങ്ങനെയൊക്കെ പറഞ്ഞ് ജനങ്ങളുടെ മുന്നിൽ സജീവമായി നിൽക്കുന്ന ചിലരുണ്ട്. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. അല്ലാതെ പേരു വരേണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.