“സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കാൻ സുപ്രീംകോടതി സ്വമേധയാ ഇടപെടണം”; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് കപിൽ സിബൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് ആരോപിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ രംഗത്ത്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും, കഴിഞ്ഞ പത്ത് മാസമായി രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കുന്നതിനായി സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെ അറിയിക്കാതെയാണ് ഗ്യാനേഷ് കുമാർ തീരുമാനങ്ങളെടുത്തത്. യോഗങ്ങൾക്ക് മുൻകൂട്ടി അജണ്ട നൽകുകയോ വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്തില്ല. കഴിഞ്ഞ പത്ത് മാസമായി കമ്മീഷനിൽ കൂട്ടായല്ല തീരുമാനങ്ങൾ എടുക്കുന്നതെന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. അതിനാൽ 2025 ലെ ബിഹാർ തെരഞ്ഞെടുപ്പ് മുതൽ 2026 ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പുകളും ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ നിയമപ്രകാരം ഗ്യാനേഷ് കുമാറിന് നിയമ പരിരക്ഷയുണ്ടെങ്കിലും, ചട്ടങ്ങൾ ലംഘിച്ച് ‘ഇസിഐ-നെറ്റ്’ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് ഈ പരിരക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ സീമ ഖന്നയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണം. പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം മറികടന്ന്, വോട്ടർപട്ടികയിൽ പേര് ചേർക്കാനും വെട്ടാനുമുള്ള അധികാരം ഇസിഐ-നെറ്റ് വഴി കേന്ദ്രീകൃതമാക്കിയത് ഇവരുടെ മേൽനോട്ടത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6-ൽ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി നൽകണമെന്നത് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കിയത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഫയലുകളും, രണ്ട് കമ്മീഷണർമാർ 14 തവണ നൽകിയ വിയോജിപ്പ് കുറിപ്പുകളും വിളിച്ച് വരുത്തി സുപ്രീം കോടതി പരിശോധിക്കണമെന്നും, സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്നത് കോടതി പരിഗണിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.