വ്യാജ ഇമെയിലിലൂടെ വൻ തട്ടിപ്പ്; ലുലു ഗ്രൂപ്പിന് നഷ്ടമായത് 1.64 കോടി രൂപ
കൊച്ചി: വ്യാജ ഇമെയിൽ വിലാസം ഉപയോഗിച്ച് കൊച്ചി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു. ദീർഘകാലമായി ലുലു ഗ്രൂപ്പുമായി വ്യാപാര ബന്ധമുള്ള ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ വിലാസം നിർമ്മിച്ചാണ് സംഘം പണം അപഹരിച്ചത്. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. സംഭവത്തിൽ ലുലു അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇറ്റലിയിലെ ‘ഐ.ഇ പാർക്ക് എസ്.ആർ.എൽ’ എന്ന കമ്പനിയിൽ നിന്നാണ് ലുലു ഗ്രൂപ്പ് സ്ഥിരമായി ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയിരുന്നത്. ഇവരുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് വളരെ സാമ്യമുള്ള മറ്റൊരു വ്യാജ ഐഡി ഉണ്ടാക്കിയാണ് തട്ടിപ്പുകാർ ലുലു ഗ്രൂപ്പുമായി ആശയവിനിമയം നടത്തിയത്. സെപ്റ്റംബർ രണ്ട് മുതൽ ഇരുപത്തിയൊമ്പത് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശിക തുക ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം ലുലു ഗ്രൂപ്പിന് ഒരു ഇമെയിൽ ലഭിച്ചിരുന്നു. ഇത് യഥാർത്ഥ കമ്പനിയിൽ നിന്നാണെന്ന് വിശ്വസിച്ച് 1,50,500 യൂറോ (ഏകദേശം 1.64 കോടി രൂപ) ഇവർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ലുലു ഗ്രൂപ്പ് കൈമാറുകയായിരുന്നു.
പിന്നീട് യഥാർത്ഥ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്ന വിവരം അവർ വ്യക്തമാക്കിയത്. ഇതോടെയാണ് തട്ടിപ്പിന് ഇരയായ കാര്യം ലുലു ഗ്രൂപ്പ് തിരിച്ചറിയുന്നത്. ലുലു ഗ്രൂപ്പും ഇറ്റാലിയൻ കമ്പനിയും തമ്മിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വളരെ കൃത്യമായി അറിയാവുന്നവരാണ് ഈ സൈബർ തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.