‘ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി, എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും’; സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെക്കുറിച്ച് ദിയ കൃഷ്ണ
ദിയ കൃഷ്ണ
തിരുവനന്തപുരം: തന്റെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളിൽ ഒരാൾ വിവാഹിതയായെന്നും ഇപ്പോൾ തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും ദിയ കൃഷ്ണ. തന്റെ വ്ലോഗിലൂടെയാണ് ദിയയുടെ വെളിപ്പെടുത്തൽ. അമ്മ സിന്ധു കൃഷ്ണയുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെക്കുന്നത്.
ഇത്രയും വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾക്ക് എങ്ങനെയാണ് വിദേശ യാത്ര നടത്താൻ സാധിക്കുന്നതെന്നാണ് ദിയ ചോദിക്കുന്നത്. തന്റെ കാശിനാണ് അവർ വിവാഹം കഴിച്ചതും ഹണിമൂണിന് പോയതെന്നും ദിയ പരിഹാസരൂപേണ പറയുന്നുണ്ട്.
“എനിക്കൊരു ന്യൂസ് കിട്ടി. ഓ ബൈ ഓസിയിൽ നിന്നും ജയിലിൽ പോയ മൂന്നെണ്ണത്തിൽ ഒന്നിന്റെ കല്യാണമായി. ആൾ അടിച്ചു പൊളിച്ച് ഇപ്പോൾ തായ്‌ലന്റിലാണുള്ളത്. ഇവരുടെയൊന്നും പാസ്‌പോർട്ട് എന്താ ആരും പിടിച്ചുവെക്കാത്തത് എന്ന് എനിക്ക് അറിയില്ല. ദിവ്യയാണ് തായ്‌ലന്റിലെത്തിയിരിക്കുന്നത്.” ദിയ പറയുന്നു.
“ഇത് കൺഫ്യൂസിങ് ആണ്. നമ്മൾ ഒരു കേസിൽ പെട്ടാൽ നമ്മുടെ പാസ്‌പോർട്ട് ഒക്കെ സീസ് ചെയ്ത് വെക്കില്ലേ? എനിക്ക് അറിയില്ല. അങ്ങനെയല്ലേ പൊതുവേ? നമുക്ക് ഇങ്ങനെ ഇഷ്ടമുള്ള സ്ഥലത്ത് പോകാനാകുമോ? കറങ്ങി നടക്കാൻ പറ്റുമോ? സങ്കടകരം തന്നെ. ഇത്രയും പറ്റിപ്പ് നടത്തി, പണവും പറ്റിച്ചു, പുറത്തിറങ്ങാൻ പറ്റാത്തവർ ഇപ്പോഴിതാ കറങ്ങി നടക്കുന്നു തായ്‌ലന്റിൽ. എന്താ ലേ ലോകത്തിന്റെ പോക്ക്.” എന്നും ദിയ പറയുന്നു.
“ഓസിയ്ക്ക് സന്തോഷിക്കാം, ഓസിയുടെ കാശിൽ ഒരു കല്യാണം നടന്നല്ലോ” എന്ന് അമ്മ സിന്ധു കൃഷ്ണ ചോദിക്കുന്നുണ്ട്. “എന്റെ കാശിന് ഒരു കല്യാണം നടന്നു. കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി അവർക്കൊരു കൊച്ചുണ്ടായാൽ എന്റെ വകയാണ് നൂലുകെട്ടും” എന്നായിരുന്നു ദിയയുടെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരായിരുന്നു പ്രതികൾ. സ്ഥാപനത്തിന്റെ ക്യു.ആർ കോഡ് മാറ്റി സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ കോഡ് വെച്ച് പണം തട്ടിയെന്നായിരുന്നു കേസ്. 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു ദിയയുടെ പരാതി. പിന്നീട് നടന്ന അന്വേഷണത്തിൽ 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നു.