‘എത്ര പണം സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല’; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം
തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ജാതീയ അധിക്ഷേപം. മകൻ ആരോമലിൻ്റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിലാണ് ഈ ക്രൂരമായ സൈബർ ആക്രമണം. എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തിൽ വംശീയവും ജാതീയവുമായ കമന്റുകളാണ് ഏറെയും വരുന്നത്.
വിവാഹച്ചടങ്ങിനിടെ ഒരു ഓൺലൈൻ ചാനൽ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം നടക്കുന്നത്. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് വിജയനെന്ന് വിഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ ഇതിന് താഴെയാണ് സന്ദർഭസാഹചര്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള അധിക്ഷേപം ഉയരുന്നത്. ‘ഇവനൊക്കെ എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം പതിയെ പുറത്തുചാടും, തേങ്ങ പത്തരച്ചാലും താളല്ലേ കറി, അറിവ് കൂടിപ്പോയതിൻ്റെ അഹങ്കാരമാണിവന്’ എന്നൊക്കെയാണ് കമന്റുകൾ.
അതേസമയം, ഐ.എം വിജയനെ പിന്തുണച്ചും ആശ്വസിപ്പിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പഴമെടുക്കാൻ കുട്ടിയെ സഹായിക്കുന്നതെങ്ങനെയാണ് അപമര്യാദയാകുന്നതെന്നും ഇതിൽ അധിക്ഷേപിക്കുന്നവർക്ക് കാര്യമായിട്ടെന്തോ കുഴപ്പങ്ങളുണ്ടെന്നും ഒരാൾ കുറിച്ചു. വിഡിയോയുടെ ഒരുവശം മാത്രം കണ്ടുകൊണ്ട് അന്ധമായി വിമർശിക്കാൻ പാടില്ലെന്നും നിറത്തെയും ജാതിയെയും മുഖവിലക്കെടുത്തുകൊണ്ടുള്ള അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും മറ്റൊരാൾ കുറിച്ചു. സമാനമായ രീതിയിൽ മറ്റനേകം പേരും അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് വിജയന്റെ മകൻ ആരോമൽ വിവാഹിതനായത്. റോമി വിക്ടോറിയയാണ് വധു. ചടങ്ങിൽ സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.