03/06/2026
[fontresizer_tawhidurrahmandear_widget]

മോദിയോട് ഒരൊറ്റ ചോദ്യം; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി!

 മോദിയോട് ഒരൊറ്റ ചോദ്യം; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി!

ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു.

ഓസ്‌ലോ ആസ്ഥാനമായുള്ള ‘ദാഗ്‌സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. താൻ വിദേശ ഏജന്റും ചാരപ്രവർത്തകയുമാണെന്ന ആക്ഷേപങ്ങൾ ഉയർന്നതോടെ, താൻ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തക മാത്രമാണെന്ന് അവർ എക്‌സിലൂടെ മറുപടി നൽകിയിരുന്നു.

അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല. വലിയ തോതിലുള്ള മാസ് റിപ്പോർട്ടിങ്ങുകൾ കാരണമാകാം അക്കൗണ്ടുകൾ താൽക്കാലികമായി പൂട്ടിയത്. തന്റെ അക്കൗണ്ടുകൾ മെറ്റ ഉടൻ പുനഃസ്‌ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹെല്ലെ കുറിച്ചു.

നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജൊനാസ് ഗാറും പങ്കെടുത്ത സംയുക്‌ത വാർത്താസമ്മേളനത്തിലാണ് വിവാദങ്ങളുടെ തുടക്കം. “പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് താങ്കൾ മറുപടി പറഞ്ഞുകൂടെ?’ എന്നായിരുന്നു ഹെല്ലെയുടെ ചോദ്യം. ഏറ്റവും മാധ്യമസ്വാതന്ത്യമുള്ള നോർവേയിൽ ഇത്തരം ചോദ്യങ്ങൾ സാധാരണമാണ്. എന്നാൽ വേദിയിലെത്തിയ മോദി നോർവീജിയൻ പ്രധാനമന്ത്രിക്ക് കൈകൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ചോദ്യമുയർന്നതെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ മോദി വേദി വിട്ടു.

ഈ സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഹെല്ലെയെ ഔദ്യോഗിക വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ മനുഷ്യാവകാശങ്ങളെയും വിശ്വാസ്യതയെയും കുറിച്ചുള്ള ഹെല്ലെയുടെ ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് മറുപടി നൽകി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും ആഗോള സംഭാവനകളും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഇതിനിടയിൽ ഇരുവരും തമ്മിൽ തർക്കമാവുകയും മറുപടികൾക്ക് കാത്തുനിൽക്കാതെ മാധ്യമപ്രവർത്തക ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

Also read: