ജന്തർ മന്തറിൽ വൻ സംഘർഷം: പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ലാത്തിവീശി പൊലീസ്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസ് നടപടി കടുപ്പിച്ചു. സമരക്കാർ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ലാത്തിവീശിയിട്ടും പിരിഞ്ഞുപോവാൻ തയ്യാറാകാതെ വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധവുമായി മുന്നോട്ടു നീങ്ങിയതോടെ ജന്തർ മന്തറും റെയ്സീനാ റോഡും സംഘർഷഭൂമിയായി മാറി.
മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന് പുറത്ത് സുരക്ഷ പൂർണ്ണമായും ശക്തമാക്കി. രാവിലെ ഒമ്പത് മണി മുതൽ തന്നെ ജന്തർ മന്തറിൽ വലിയ തോതിലുള്ള പ്രതിഷേധവും സംഘർഷ സാധ്യതകളും നിലനിന്നിരുന്നു.
പൊലീസ് ഉയർത്തിയ നാല് ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ടു. സംഘർഷത്തിനിടെ സമരക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുകയാണ്. അതിനിടെ, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുന്നതിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധർമേന്ദ്ര പ്രധാനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് പാർലമെന്റ് മാർച്ചിന്റെ ഭാഗമാകാൻ തലസ്ഥാനത്ത് എത്തിച്ചേർന്നത്. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ബാരിക്കേഡുകൾ ചാടിക്കടന്നും വ്യത്യസ്ത വഴികളിലൂടെയും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി. എന്നാൽ ഈ മാർച്ചിന് പൊലീസ് മുൻകൂട്ടി അനുമതി നൽകിയിരുന്നില്ല. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിനത്തിലാണ് സി.ജെ.പി പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. സമരത്തിൽ പങ്കാളിയായി നിരാഹാരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം അവിടെയും സമരം തുടരുകയാണ്.