ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളിൽ നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ
ആവേശകരമായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ശക്തരായ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ. വാർ വിവാദങ്ങളും മികച്ച ഗോൾകീപ്പിങ്ങും കണ്ട മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് കരുത്തായത്. 36-ാം മിനുട്ടിൽ ലഭിച്ച ലീഡ് നിലനിർത്താൻ കഴിയാതിരുന്നതും അവസാന നിമിഷങ്ങളിൽ എർലിങ് ഹാളണ്ടിന് പരിക്കേറ്റ് പിന്മാറേണ്ടി വന്നതും നോർവേക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറപ്പിലൂടെ നോർവേയാണ് ആദ്യം ലീഡ് നേടിയത്. ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് വളച്ചിറക്കിയാണ് ഷെൽഡെറപ്പ് വലകുലുക്കിയത്. അതിന് മുൻപ് തന്നെ എർലിംഗ് ഹാലാൻഡിന്റെ മികച്ചൊരു ഗോൾശ്രമം പിക്ക്ഫോർഡ് തടഞ്ഞിരുന്നു.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇംഗ്ലണ്ട് തിരിച്ചടിച്ചു. ആന്റണി ഗോർഡൻ നൽകിയ മികച്ച പാസ് സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച ബെല്ലിങ്ഹാം നോർവേ ഗോൾകീപ്പർ ഒർജാൻ നൈലാൻഡിനെ കീഴടക്കി സ്കോർ 1-1 എന്ന നിലയിലാക്കി.
ഏഴ് ഗോളുകളുമായി ടൂർണമെന്റിലെ മികച്ച ഫോമിലായിരുന്ന നോർവേ താരം എർലിംഗ് ഹാലാൻഡിനെ ഇംഗ്ലീഷ് പ്രതിരോധം കൃത്യമായി പൂട്ടി.
നിശ്ചിത സമയത്ത് സ്കോർ 1-1 എന്ന നിലയിൽ തുടർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്ത് ബെല്ലിങ്ഹാം നേടിയ വിജയഗോളിലൂടെ ഇംഗ്ലണ്ട് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയ നോർവേ, കിരീട സാധ്യത കൽപ്പിക്കുന്ന ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താണ് മടങ്ങുന്നത്.
അർജൻ്റീന – സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയികളെ ഇംഗ്ലണ്ട് സെമിയിൽ നേരിടും.