ഫൈനലിന് പിന്നാലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫുട്ബോൾ മൈതാനത്തോട് വിടപറഞ്ഞ് സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച്
സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ 2026 ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച് പ്രൊഫഷണൽ ഫുട്ബോൾ റഫറിയിങ്ങിൽ നിന്നും വിരമിച്ചു. അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് 46-കാരനായ വിൻസിച്ച് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സ്ലോവേനിയൻ റഫറിയാണ് അദ്ദേഹം. സ്ലോവേനിയൻ ഫുട്ബോൾ അസോസിയേഷനാണ് അദ്ദേഹത്തിന്റെ വിരമിക്കൽ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രശസ്ത ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലർ കഴിഞ്ഞ ദിവസം വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് വിൻസിച്ചിന്റെയും പടിയിറക്കം.
ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ കിരീടം ചൂടിയിരുന്നു. ഈ മത്സരത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിന് വിൻസിച്ച് ചുവപ്പുകാർഡ് നൽകിയതും, മത്സരശേഷമുണ്ടായ കയ്യാങ്കളികളും ഫൈനലിനെ വിവാദത്തിലാക്കിയിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും, 2026 ലോകകപ്പിലെ ഏറ്റവും മികച്ച റഫറിയായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തിരഞ്ഞെടുത്തത് വിൻസിച്ചിനെയാണ്. റഫറിമാർക്ക് നൽകുന്ന ഇറ്റലിയിലെ പ്രശസ്തമായ ഗിയൂലിയോ കാമ്പനാറ്റി അവാർഡും അദ്ദേഹം സ്വന്തമാക്കി.
ഇരുപത് വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 500-ലധികം പ്രൊഫഷണൽ മത്സരങ്ങൾ വിൻസിച്ച് നിയന്ത്രിച്ചിട്ടുണ്ട്. 2010 മുതൽ ഫിഫയുടെ ഔദ്യോഗിക പാനലിലുള്ള അദ്ദേഹം 2022, 2026 ലോകകപ്പുകളിലും, യൂറോ 2020, യൂറോ 2024 ടൂർണമെന്റുകളിലും പ്രധാന റഫറിയായിരുന്നു. റയൽ മാഡ്രിഡ് കിരീടം ചൂടിയ 2024 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും, 2022-ലെ യൂറോപ്പ ലീഗ് ഫൈനലും നിയന്ത്രിച്ചത് ഈ സ്ലോവേനിയക്കാരനായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റഫറിമാരിലൊരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.