ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടി
വി. ശിവൻകുട്ടി
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് ഫൈനൽ മത്സരം ആരംഭിക്കുന്നത്. കളി പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ അതുകണ്ട ശേഷം കുട്ടികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ ബുദ്ധിമുട്ടാകുമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചത്തെ അവധിക്ക് പകരമായി പിന്നീട് വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിവസമാക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അർജന്റീനയും സ്പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം.
ഇതിനോടകം തന്നെ മരടിലെയും ആലപ്പുഴയിലെയും ചില മാനേജ്മെന്റ് സ്കൂളുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നിരന്തരമായ കോളുകൾ വരുന്നുണ്ടെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. എന്നാൽ സ്കൂളുകൾക്ക് അവധി നൽകുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്‌ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജൻ്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്‌ച കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്‌ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്‌ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.’