VARൽ വൻ മാറ്റവുമായി ഫിഫ; അർജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിൽ ആരെ തുണക്കും? | FIFA VAR Change
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ റഫറിയിങ് നിലവാരത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളും ഒത്തുകളി ആരോപണങ്ങളും പുകയുന്ന പശ്ചാത്തലത്തിൽ, വിഡിയോ അസിസ്റ്റന്റ് റഫറി(VAR) സംവിധാനത്തിൽ വൻ മാറ്റവുമായി രാജ്യന്തര ഫുട്‌ബോൾ ഫെഡറേഷൻ (FIFA VAR Change). കായിക ലോകം കാത്തിരിക്കുന്ന ഇംഗ്ലണ്ട്-അർജന്റീന പോരാട്ടത്തിന് മുന്നോടിയായാണു പുതിയ മാറ്റങ്ങൾ വരുന്നത്. ഇതുവരെ ഡാലസിലെ സെൻട്രൽ ഹബ്ബിലിരുന്ന് കളി നിയന്ത്രിച്ചിരുന്ന VAR ഉദ്യോഗസ്ഥരെ ഇനി മുതൽ നേരിട്ട് കളി നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ തന്നെ വിന്യസിക്കാൻ ഫിഫ തീരുമാനിച്ചതായി പ്രമുഖ കായിക മാധ്യമമായ ‘സ്‌പോർട് ബൈബിൾ’ റിപ്പോർട്ട് ചെയ്തു. സ്‌പെയിനും ഫ്രാൻസും തമ്മിൽ നടന്ന ആദ്യ സെമിയിലും പുതിയ മാറ്റം പ്രാബല്യത്തിൽ വന്നിരുന്നു.
ടൂർണമെന്റിലുടനീളം അർജന്റീനയ്ക്കും ലയണൽ മെസ്സിക്കും അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ എടുക്കുന്നു എന്ന സോഷ്യൽ മീഡിയ ആക്ഷേപങ്ങളും, ക്വാർട്ടർ ഫൈനലുകളിൽ റഫറിമാർ വരുത്തിയ വൻ പിഴവുകളുമാണ് ഫിഫയെ പെട്ടെന്നുള്ള നീക്കത്തിന് പ്രേരിപ്പിച്ചത്. പുതിയ തീരുമാനപ്രകാരം ഫ്രാൻസ്-സ്‌പെയിൻ മത്സരം നടന്ന ഡാലസിനു പുറമെ, ഇംഗ്ലണ്ട്-അർജന്റീന പോരാട്ടം നടക്കുന്ന അറ്റ്‌ലാന്റയിലും പ്രൈമറി, റിസർവ് VAR ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിൽ തത്സമയം നേരിട്ടുണ്ടാകും.
എന്തുകൊണ്ട് ഫിഫയുടെ അടിയന്തര തീരുമാനം? | FIFA VAR Change
ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഉണ്ടായ ചില വമ്പൻ റഫറിയിങ് വിവാദങ്ങളാണ് ഫിഫയെക്കൊണ്ട് ഈ സുരക്ഷാ മുൻകരുതൽ എടുപ്പിച്ചത്. ഇംഗ്ലണ്ടിന് നിഷേധിച്ച പെനാൽറ്റിയായിരുന്നു അതിലൊന്ന്. നോർവേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് താരം ഡിജെഡ് സ്‌പെൻസിനെ ബോക്‌സിനുള്ളിൽ നോർവീജിയൻ ഡിഫെൻഡർ ഫൗൾ ചെയ്തിട്ടും ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റഫറി ഓവർറൂൾ ചെയ്തത് വലിയ വിവാദമായിരുന്നു.
മറ്റൊന്ന് അർജന്റീന-ഈജിപ്ത് മത്സരത്തിലെ നാടകീയ രംഗങ്ങളാണ്. അർജന്റീന-ഈജിപ്ത് മത്സരത്തിൽ ഈജിപ്ഷ്യൻ താരം സിക്കോ നേടിയ ഗോൾ റഫറി നിഷേധിച്ചിരുന്നു. ഗോൾ നീക്കത്തിന്റെ തുടക്കത്തിൽ അർജന്റീന താരം ലിസാൻഡ്രോ മാർട്ടീനസ് ഫൗൾ ചെയ്യപ്പെട്ടു എന്ന് കാണിച്ചായിരുന്നു നടപടി. ഇത് അർജന്റീനയെ സഹായിക്കാനാണെന്ന മട്ടിൽ കടുത്ത ഒത്തുകളി ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു.
സാങ്കേതിക പിഴവുകൾക്ക് തടയിടാൻ ‘ഓൺ-സൈറ്റ്’ സുരക്ഷാ വലയം | FIFA VAR Change
ഇതുവരെ അമേരിക്കയിലെ ഡാലസിലുള്ള അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റ് സെന്ററിലെ കേന്ദ്രീകൃത ഹബ്ബിൽ ഇരുന്നായിരുന്നു റഫറിമാർ കിലോമീറ്ററുകൾ അകലെ നടക്കുന്ന മത്സരങ്ങളുടെ റീപ്ലേകൾ പരിശോധിച്ചിരുന്നത്. എന്നാൽ, കടുത്ത സമ്മർദമുള്ള സെമി ഫൈനൽ മത്സരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കമ്യൂണിക്കേഷൻ തകരാറുകളോ സാങ്കേതിക പിഴവുകളോ ഉണ്ടായാൽ അത് കളി തടസപ്പെടാൻ കാരണമാകും.
സ്റ്റേഡിയത്തിനുള്ളിൽ തന്നെ VAR ഉദ്യോഗസ്ഥരെ ഇരുത്തുന്നതിലൂടെ, ഡാലസുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടാൽ പോലും ഉടനടി സ്റ്റേഡിയത്തിലിരുന്ന് ദൃശ്യങ്ങൾ പരിശോധിച്ച് പ്രധാന റഫറിക്ക് കൃത്യമായ നിർദേശം നൽകാൻ ഇവർക്ക് സാധിക്കും. ഇത് മത്സരത്തിന്റെ സുതാര്യത ഉറപ്പാക്കുമെന്നാണ് ഫിഫ വേൾഡ് കപ്പ് ഓർഗനൈസിങ് കമ്മിറ്റി അംഗവും എഫ്.സി ഡാലസ് ഉടമയുമായ ഡാൻ ഹണ്ട് വ്യക്തമാക്കുന്നത്.