19/07/2026
[fontresizer_tawhidurrahmandear_widget]

ലോകകപ്പ് ഫൈനലിൽ ആർക്കൊപ്പം? ‘ഞാൻ പിന്തുണച്ചവരെല്ലാം തോറ്റു, ഇനി ആർക്കും നിർഭാ​ഗ്യമുണ്ടാക്കാൻ ഞാനില്ല’; ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി

 ലോകകപ്പ് ഫൈനലിൽ ആർക്കൊപ്പം? ‘ഞാൻ പിന്തുണച്ചവരെല്ലാം തോറ്റു, ഇനി ആർക്കും നിർഭാ​ഗ്യമുണ്ടാക്കാൻ ഞാനില്ല’; ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടുമ്പോൾ താൻ ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഈ ടൂർണമെന്റിൽ താൻ പിന്തുണച്ച എല്ലാ ടീമുകളും പരാജയപ്പെട്ടുവെന്നും, അതുകൊണ്ട് ഫൈനലിൽ ഒരു പ്രത്യേക ടീമിനെ പിന്തുണച്ച് അവർക്ക് നിർഭാഗ്യം കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

സിറ്റി ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. “ഞാൻ പിന്തുണയ്ക്കുന്നവരെല്ലാം തോറ്റു. ഇനി ഞാൻ ആരുടെ പേര് പറഞ്ഞാലും അവർ തോൽക്കുമെന്ന് എനിക്ക് തോന്നുന്നു,” ചിരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ഫൈനലിൽ ആർക്കൊപ്പമാണെന്ന് പറയാൻ വിസമ്മതിച്ച മേയർ, ടൂർണമെന്റിനെ പ്രശംസിക്കുകയും അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയും സ്പെയിന്റെ കൗമാര താരം ലാമിൻ യമാലും തമ്മിലുള്ള അവിശ്വസനീയമായ പോരാട്ടത്തിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് മെസ്സി യമാലിനെ കുളിപ്പിക്കുന്നതായി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം താൻ കണ്ടിരുന്നുവെന്നും, ആദ്യം അത് എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ ഇരുവരും കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത സമയത്ത് എടുത്ത യഥാർത്ഥ ചിത്രമാണത് എന്ന് പിന്നീട് താൻ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സിയും യമാലും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത് വളരെ അവിശ്വസനീയമായ കാര്യമാണെന്ന് സൊഹ്റാൻ മംദാനി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന്റെ സ്ഥിരം മറുപടി പോലെ, മത്സരത്തിന്റെ ഫലം പ്രവചിക്കുന്നതിന് പകരം മികച്ചൊരു ഫുട്ബോൾ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോടുള്ള സംസാരം അവസാനിപ്പിച്ചത്.

Also read: