‘മംദാനി ഹിന്ദു വിരുദ്ധൻ, അമേരിക്കയിൽ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു, അയാളെ അമ്പലത്തിൽ കയറ്റരുത്’; അർണബ് ഗോസ്വാമി
ന്യൂഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തെ എതിർത്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷവിമർശനവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. മംദാനി കടുത്ത ഹിന്ദു വിരുദ്ധനാണെന്നും അമേരിക്കയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അർണബ് ആരോപിച്ചു.
അദ്ദേഹത്തിന് ഇന്ത്യയുമായോ ഇന്ത്യൻ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ലെന്നും അമേരിക്കയിലെ സ്വാമിനാരായൺ, ഗണേശ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഹൈന്ദവ ആരാധനാലയങ്ങളിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കരുതെന്നും അർണബ് ഗോസ്വാമി ആവശ്യപ്പെട്ടു. ഉഗാണ്ടൻ പശ്ചാത്തലമുള്ള മംദാനി അമേരിക്കയിൽ തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം വളർത്തുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആർഎസ്എസ് സാംസ്കാരിക ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണെന്ന് അർണബ് ഗോസ്വാമി വാദിച്ചു. മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ എതിർക്കുന്ന സംഘടന എല്ലാ മതവിഭാഗങ്ങളുമായും സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മംദാനി എത്രത്തോളം എതിർത്താലും ന്യൂയോർക്കിലെ ഹിന്ദു സമൂഹവും അവിടുത്തെ ജനങ്ങളും മോഹൻ ഭാഗവതിന്റെ പരിപാടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അർണബ് വ്യക്തമാക്കി.
ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പർക്ക പരിപാടിയുടെയും ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ നടക്കുന്ന മോഹൻ ഭാഗവതിന്റെ പൊതുപരിപാടിയെ സൊഹ്റാൻ മംദാനി ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് അർണബിന്റെ പ്രതികരണം.
മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യയെക്കുറിച്ചാണ് താൻ കേട്ടുവളർന്നതെന്നും, എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുകയും മറ്റുള്ളവരെ മാറ്റിനിർത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ഏറെ ആശങ്കാജനകമാണെന്നും മംദാനി പറഞ്ഞിരുന്നു. വൈവിധ്യത്തിലും തുല്യതയിലും വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ എന്ന നിലയിലും വ്യക്തിപരമായും ഇത്തരം വിഭജന രാഷ്ട്രീയത്തോട് തനിക്ക് കടുത്ത എതിർപ്പാണുള്ളതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.