‘ഇനിയും കരയൂ…’ മംദാനിക്ക് പിന്നാലെ അൽ-സയീദിന്റെ വിജയത്തിലും ട്രംപിനെയും മസ്കിനെയും ട്രോളി മെഹ്ദി ഹസൻ
ന്യൂയോർക്ക്: അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം നേതാക്കളുടെ തുടർച്ചയായ മുന്നേറ്റങ്ങൾ വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതിന് പിന്നാലെ, പ്രമുഖ മാധ്യമപ്രവർത്തകൻ മെഹ്ദി ഹസൻ തൻ്റെ രാഷ്ട്രീയ എതിരാളികളെ സോഷ്യൽ മീഡിയയിൽ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തി. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സോഹ്റാൻ മംദാനി കൈവരിച്ച ചരിത്രപരമായ വിജയ വേളയിലാണ് വലതുപക്ഷ വിമർശകരെയും വംശീയ പ്രചാരകരെയും ലക്ഷ്യമിട്ട് മെഹ്ദി ഹസൻ “ഇനിയും കരയൂ” (Cry More) എന്ന പ്രയോഗം ആദ്യമായി നടത്തിയത്.
ഇപ്പോൾ മിഷിഗണിൽ നിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം സ്ഥാനാർത്ഥിയായി അബ്ദുൾ അൽ-സയീദ് വിജയിച്ചപ്പോഴും അതേ വാക്കുകൾ തന്നെ മെഹ്ദി ഹസൻ ആവർത്തിച്ചിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക്, ജെ.ഡി. വാൻസ്, മൈക്ക് റോജേഴ്സ് തുടങ്ങിയ പ്രമുഖ നേതാക്കളെയും രാഷ്ട്രീയ ലോബിയിങ് ഗ്രൂപ്പായ ഐപാക് പോലെയുള്ള സംഘടനകളെയും പേരെടുത്തു പരാമർശിച്ചാണ് അദ്ദേഹം തൻ്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
കോടികണക്കിന് ഡോളർ ചെലവഴിച്ച് നടത്തിയ പ്രചാരണങ്ങളെയും യാഥാസ്ഥിതിക വംശീയ നീക്കങ്ങളെയും അതിജീവിച്ചാണ് സ്ഥാനാർത്ഥികൾ മികച്ച വിജയം നേടുന്നത്. രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാതെ വലതുപക്ഷ ക്യാമ്പുകളിൽ ഉയരുന്ന അസ്വസ്ഥതകളെയും അധിക്ഷേപങ്ങളെയുമാണ് താൻ ഈ പരിഹാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഹ്ദി ഹസൻ വ്യക്തമാക്കി. ഈ സംഭവവികാസങ്ങൾ ഇപ്പോൾ യു.എസ് മാധ്യമങ്ങളിലും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയാവുകയാണ്.