24/11/2026
[fontresizer_tawhidurrahmandear_widget]

‘ഈജിപ്ത്, പാകിസ്‌താൻ, സൗദി അറേബ്യ പോലെയുള്ള അന്യരാജ്യങ്ങൾക്ക് ബോംബും ടാങ്കും വാങ്ങാനല്ല ഞങ്ങളുടെ നികുതിപ്പണം’; വിദേശ സൈനിക സഹായത്തിനെതിരെ യുഎസ് സെനറ്റർ അബ്‌ദുൾ അൽ-സയീദ്

 ‘ഈജിപ്ത്, പാകിസ്‌താൻ, സൗദി അറേബ്യ പോലെയുള്ള അന്യരാജ്യങ്ങൾക്ക് ബോംബും ടാങ്കും വാങ്ങാനല്ല ഞങ്ങളുടെ നികുതിപ്പണം’; വിദേശ സൈനിക സഹായത്തിനെതിരെ യുഎസ് സെനറ്റർ അബ്‌ദുൾ അൽ-സയീദ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്ക് യാതൊരു ഉപാധികളുമില്ലാതെ സൈനിക സഹായം നൽകുന്ന അമേരിക്കൻ നയത്തിനെതിരെ ശക്തമായ നിലപാടുമായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് സെനറ്റർ അബ്ദുൾ അൽ-സയീദ്. അമേരിക്കൻ ജനതയുടെ നികുതിപ്പണം വിദേശ സൈന്യങ്ങൾക്ക് നൽകുന്നതിന് പകരം രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങൾക്കാണ് ചെലവഴിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ടാങ്കുകളും ബോംബുകളും വാങ്ങാനായി തങ്ങളുടെ നികുതിപ്പണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഉപാധികളില്ലാതെ വിദേശ രാജ്യങ്ങൾക്ക് സൈനിക സഹായം നൽകുന്ന രീതി ശരിയല്ലെന്നും ഇക്കാര്യത്തിൽ അമേരിക്കൻ ജനതയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ സൈനിക സഹായം നൽകാവൂ. ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ചോദ്യം ചെയ്ത അദ്ദേഹം, അവരെ സഖ്യകക്ഷികളായി തുടരുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. സ്വന്തം തത്ത്വങ്ങളിൽ ഉറച്ചുനിന്ന് ലോകത്തെ എല്ലാ രാജ്യങ്ങളോടും ഒരേ നയം സ്വീകരിക്കേണ്ടത് അമേരിക്കയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിനുള്ള യു.എസ് സൈനിക സഹായത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അൽ-സയീദിന്റെ ഈ പ്രസ്താവന ചർച്ചയാകുന്നത്. ദശാബ്ദങ്ങളായി ഇസ്രയേലിന് അമേരിക്ക വലിയ തോതിൽ സൈനിക പിന്തുണ നൽകുന്നുണ്ട്. 2019 മുതൽ 2028 വരെയുള്ള 10 വർഷത്തെ കരാർ പ്രകാരം 38 ശതകോടി ഡോളറിന്റെ ധനസഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിൽ പ്രതിവർഷം 3.3 ശതകോടി ഡോളറിന്റെ സൈനിക സഹായവും 500 ദശലക്ഷം ഡോളറിന്റെ മിസൈൽ പ്രതിരോധ പദ്ധതികളും ഉൾപ്പെടുന്നു. അടുത്തിടെ നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ മിഷിഗണിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് 42-കാരനായ അബ്ദുൾ എൽ-സയീദ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു മുസ്ലിം അമേരിക്കൻ പ്രതിനിധി യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Also read: