20/07/2026
[fontresizer_tawhidurrahmandear_widget]

‘അന്ന് മണ്ടേല നേരിട്ട അതേ വ്യാജ ഭീകരവാദക്കുറ്റം ഇന്ന് ഉമർ ഖാലിദിന് മേൽ’; അന്താരാഷ്ട്ര വേദിയിൽ ഉമർ ഖാലിദിനായി ശബ്ദമുയർത്തി സൊഹ്റാൻ മംദാനി

 ‘അന്ന് മണ്ടേല നേരിട്ട അതേ വ്യാജ ഭീകരവാദക്കുറ്റം ഇന്ന് ഉമർ ഖാലിദിന് മേൽ’; അന്താരാഷ്ട്ര വേദിയിൽ ഉമർ ഖാലിദിനായി ശബ്ദമുയർത്തി സൊഹ്റാൻ മംദാനി

ന്യൂഡൽഹി: ഭീകരവാദക്കുറ്റം ചുമത്തി ഡൽഹിയിൽ തടവിലാക്കപ്പെട്ടിരിക്കുന്ന ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് അന്താരാഷ്ട്ര തലത്തിൽ വീണ്ടും പിന്തുണ. നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ വെച്ച് ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയാണ് ഉമർ ഖാലിദിന്റെ തടങ്കലിനെതിരെയും ആഗോള നീതിക്ക് വേണ്ടിയും അതിശക്തമായ ഭാഷയിൽ സംസാരിച്ചത്.

ഒരു കാലത്ത് നെൽസൺ മണ്ടേലയ്ക്ക് നേരെ ഉയർന്ന അതേ രീതിയിലുള്ള വ്യാജ ഭീകരവാദ ആരോപണങ്ങളാണ് ഇന്ന് ഉമർ ഖാലിദിനെതിരെയും ചുമത്തിയിരിക്കുന്നതെന്ന് മംദാനി കുറ്റപ്പെടുത്തി. ജൂലൈ 16-ന് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

‘നെൽസൺ മണ്ടേല ഗ്ലോബൽ ലീഡർഷിപ്പ് ഫോറ’ത്തിന്റെ ആദ്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “ഡൽഹിയിൽ ഒരു രാഷ്ട്രീയ തടവുകാരനായി ഉമർ ഖാലിദ് തന്റെ ആറാമത്തെ വർഷത്തെ തടവുജീവിതത്തിലേക്ക് കടക്കുമ്പോഴും നാം എന്തിനാണ് മൗനം പാലിക്കുന്നത്?” എന്ന് മംദാനി ചോദിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മികച്ച ഭാവി കെട്ടിപ്പടുക്കാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് മണ്ടേല മറ്റു സമൂഹങ്ങളോട് കാണിച്ച ഐക്യദാർഢ്യമാണെന്ന് ഓർമ്മിപ്പിച്ച മേയർ, അത്തരമൊരു നിലപാടിലൂടെ മാത്രമേ നമുക്കും മുന്നോട്ട് പോകാനാകൂ എന്ന് വ്യക്തമാക്കി.

ഒമർ എൽ അക്കാദിന്റെ ‘വൺ ഡേ, എവരിവൺ വിൽ ഹാവ് ഓൾവെയ്‌സ് ബീൻ എഗെയ്ൻസ്റ്റ് ദിസ്’ (2025) എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ട്, പ്രതിസന്ധികളെല്ലാം ഒഴിഞ്ഞുപോയ ശേഷം എല്ലാവരും തങ്ങൾ അനീതിക്ക് എതിരായിരുന്നു എന്ന് അവകാശപ്പെടാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിപ്പിടം സുരക്ഷിതമായിരിക്കുമ്പോൾ മാത്രമല്ല, ചരിത്രം അതിന്റെ അന്തിമവിധി പ്രഖ്യാപിക്കുന്നതിന് മുൻപ് നാം എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് യഥാർത്ഥ നീതി അളക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം താല്പര്യങ്ങൾക്ക് കോട്ടം തട്ടാത്ത അനുകൂല സമയം വരുന്നതുവരെ ആരും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കാത്തിരിക്കരുതെന്നും, ആ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ടെന്നും മംദാനി കൂട്ടിച്ചേർത്തു.

പാലസ്തീനിൽ ഇസ്രായേലിന്റെ തടവിൽ കഴിയുന്ന ഡോക്ടർ ഹുസ്സാം അബു സഫിയ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും നിരവധി ഫലസ്തീൻ കുട്ടികളുടെ മരണത്തെക്കുറിച്ചും സംസാരിച്ച ശേഷമാണ് മംദാനി ഉമർ ഖാലിദിന്റെ വിഷയം ഉന്നയിച്ചത്. 2019-ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഉമർ ഖാലിദിനെ 2020 സെപ്റ്റംബറിലാണ് ഡൽഹി കലാപത്തിലെ ഗൂഢാലോചന ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ശർജീൽ ഇമാം ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രതിചേർക്കപ്പെട്ട ഖാലിദിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ പലതവണ കോടതികൾ തള്ളുകയും ചെയ്തിട്ടുണ്ട്.

Also read: