09/09/2026
[fontresizer_tawhidurrahmandear_widget]

സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും

 സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ധീരരക്തസാക്ഷിത്വം വരിച്ച കല്ലിയൂർ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ (36) മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ‘എംജിഎം ഗ്രൂപ്പും’ സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ കടുത്ത പ്രതിസന്ധിയിലായ കുടുംബത്തിന്റെ ദുരവസ്ഥ രമേശ് ചെന്നിത്തല അന്തരിച്ച രാജേഷിന്റെ ഭവനം സന്ദർശിച്ച് മനസ്സിലാക്കിയിരുന്നു. തുടർന്ന് അദ്ദേഹം എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെടുകയും, വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്‌സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ കുട്ടികൾ ആഗ്രഹിക്കുന്ന കാലമത്രയും സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി, കിളിമാനൂർ എംജിഎം ടെക്നോളജിക്കൽ ക്യാമ്പസിൽ സംഘടിപ്പിച്ച ‘ജീവാമൃതം’ രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ രമേശ് ചെന്നിത്തലയാണ് വിവരം അറിയിച്ചത്. വിഷയം അറിഞ്ഞയുടൻ സാമൂഹിക പ്രതിബദ്ധതയോടെ സഹായഹസ്തം നീട്ടിയ മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു.

Also read: