20/07/2026
[fontresizer_tawhidurrahmandear_widget]

‘ജയറാമിന്റെ മകന് വേണ്ടി ഹസീബ് മുടക്കിയത് 10 കോടി, വയ്യാത്ത സമയത്ത് തിരിഞ്ഞു നോക്കിയില്ല, അവസാനം സഹായിച്ചത് മമ്മൂട്ടി’; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ് 

 ‘ജയറാമിന്റെ മകന് വേണ്ടി ഹസീബ് മുടക്കിയത് 10 കോടി, വയ്യാത്ത സമയത്ത് തിരിഞ്ഞു നോക്കിയില്ല, അവസാനം സഹായിച്ചത് മമ്മൂട്ടി’; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ് 

കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് ഈ പ്രോജക്റ്റ് ചെയ്തത്. എന്നാൽ ചിത്രം പരാജയപ്പെടുകയും ഹസീബ് കടക്കെണിയിലാവുകയും ചെയ്തപ്പോൾ ജയറാം കൈമലർത്തുകയായിരുന്നു. കടം വീട്ടാനായി ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ജയറാമിന്റെ ഡേറ്റ് ചോദിച്ചെത്തിയ ഹസീബിന്, ഒരു വർഷത്തെ കാത്തിരിപ്പ് വേണമെന്ന മറുപടിയാണ് ലഭിച്ചത്. ഗോകുലം ഗോപാലനിൽ നിന്ന് വാങ്ങിയ ഫൈനാൻസിന്റെ പലിശ ഒഴിവാക്കാൻ ജയറാം ഇടപെടാമെന്ന് ഏറ്റെങ്കിലും പിന്നീട് സഹായിച്ചില്ല. സ്വന്തം അനുജനും അസോസിയേറ്റ് ഡയറക്ടറുമായ ഹനീസിനെ സംവിധായകനാക്കുക എന്ന ആഗ്രഹം മാറ്റിവെച്ചാണ് ഹസീബ് ജയറാമിന്റെ മകന് വേണ്ടി പണം മുടക്കി ഒടുവിൽ ജപ്തിയുടെ വക്കിലെത്തിയത്.

തുടർന്നുണ്ടായ കടുത്ത മാനസികാഘാതത്തിൽ പക്ഷാഘാതം പിടിപെട്ട് എറണാകുളം ലേക്‌ഷോർ ഹോസ്‌പിറ്റലിൽ അബോധാവസ്ഥയിലായ ഹസീബിന്റെ ജീവൻ രക്ഷിക്കാൻ നടൻ മമ്മൂട്ടിയാണ് അടിയന്തരമായി ഇടപെട്ടത്. പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ആന്റോ ജോസഫും ബാദുഷയും ചേർന്നാണ്. ഈ ഘട്ടങ്ങളിലൊന്നും ജയറാം തിരിഞ്ഞുനോക്കിയില്ലെന്നും ഇതിൽ സഹികെട്ടാണ് സഹോദരി ഉഷ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

ഇതോടൊപ്പം നടി ലക്ഷ്‌മിപ്രിയ മുൻപ് ഉഷയ്ക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ആലപ്പി അഷ്റഫ് മറുപടി നൽകി. സംവിധായകൻ സുരേഷ് ബാബുവുമായുള്ള ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാം വിവാഹം കഴിച്ചതിന്റെ പേരിൽ ഉഷയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ അദ്ദേഹം പ്രതികരിച്ചു. നിലവിൽ ഇരുവരും പുനർവിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും നല്ല സൗഹൃദം പുലർത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള സിനിമയിൽ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച ഉഷയുടെ ശക്തമായ നിലപാടുകളെ അഭിനന്ദിച്ച അദ്ദേഹം, സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി പോരാടുന്ന ഉഷ ഇന്ന് പലരുടെയും പേടിസ്വപ്നമാണെന്നും കൂട്ടിച്ചേർത്തു.

Also read: